നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് നിവേദനങ്ങള്‍ സ്വീകരിക്കും; കാസർഗോഡ് 14,232 പരാതികള്‍ ലഭിച്ചു; ബഹുജന പങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സില്‍ കണ്ട വന്‍ ജനപങ്കാളിത്തം ജനാധിപത്യവിശ്വാസവും പൗരബോധവും മുറുകെപ്പിടിക്കുന്ന പൊതുസമൂഹത്തിന്റെ കരുത്താണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. കാസര്‍കോട് ചെങ്കള മുതല്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവ് വരെ വടക്കേയറ്റത്തെ ജില്ലയിലെ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഒരു മഹാ ജനമുന്നേറ്റ സദസ്സായി യാത്ര ഉയര്‍ന്നു എന്ന് സംശയമില്ലാതെ പറയാം. ജനങ്ങള്‍ കേവലം കേള്‍വിക്കാരായി ഇരിക്കുകയല്ല ഇവിടെ. ഓരോരുത്തരും തങ്ങളുടെ സജീവമായ ഇടപെടല്‍ ഉറപ്പാക്കി ഇതിനോടൊപ്പം ചേരുകയാണ്.

തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളില്‍ നിവേദനങ്ങള്‍ നല്‍കാനുള്ള സംവിധാനം ഒരുക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്തു 1908 ഉം കാസര്‍ഗോഡ് 3451ഉം ഉദുമയില്‍ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂര്‍ 2300ഉം ആണ് ലഭിച്ചത്.

നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുന്‍പു തന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിവേദനം സമര്‍പ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൗണ്ടറുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈല്‍ നമ്പറോ നല്‍കിയാല്‍ മതി. ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 71,861 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ആണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 1,41,257 വീടുകളാണ് നിര്‍മ്മാണത്തിനായി കരാര്‍ വച്ചത്. ഇതില്‍ 15,518 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. ലൈഫ് മിഷന്‍ തകര്‍ന്നു എന്നു ബോധപൂര്‍വം പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിര്‍മ്മാണം നടക്കുകയാണെന്ന യാഥാര്‍ത്ഥ്യം.

എല്ലാവരും സുരക്ഷിതമായ പാര്‍പ്പിടത്തില്‍ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷന്റെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തില്‍ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണ്.

കഴിഞ്ഞ ദിവസം ഒരു മാധ്യമം ചില പിശകുകളോടെ ഭവന നിര്‍മ്മാണ പദ്ധതി സംബന്ധിച്ച് ഒരു വാര്‍ത്ത നല്‍കിയത് കണ്ടു. കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കാത്തതിനാല്‍ പ്രധാന മന്ത്രി ആവാസ് യോജന ഭവന പദ്ധതി മുടങ്ങി എന്നാണ് വാര്‍ത്ത. പി എം എ വൈ ഗ്രാമീണ്‍ പദ്ധതിയില്‍ 2020-21നു ശേഷം കേന്ദ്രം ടാര്‍ഗറ്റ് നിശ്ചയിച്ചു നല്‍കിയിട്ടില്ലാത്തതിനാല്‍ മൂന്ന് വര്‍ഷമായി ആ പട്ടികയില്‍ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാകുന്നില്ല.

കേരളത്തില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതില്‍ 36,703 വീടുകള്‍ക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതില്‍ 31,171ഉം പൂര്‍ത്തിയായിട്ടുണ്ട്. ഓരോ വര്‍ഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകള്‍ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാന്‍ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത.

വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ആ വാര്‍ത്തയില്‍ പറഞ്ഞത് 2,10,000 രൂപ കേന്ദ്ര വിഹിതം എന്നാണ്. പി എം എ വൈ ഗ്രാമീണില്‍ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതില്‍ 187.5 കോടിയാണ് കിട്ടിയത്. ഇതില്‍ 157.58 കോടി ചിലവാക്കിയിട്ടുണ്ട്. നിലവില്‍ അനുവദിക്കപ്പെട്ട വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനനുസരിച്ച്, ബാക്കി തുകയും വിതരണം ചെയ്യും.

അനുവദിക്കുന്ന വീടുകള്‍ക്ക് തന്നെ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണുള്ളത്. പി എം എ വൈ ഗുണഭോക്താവാണെന്ന വലിയ ബോര്‍ഡ് വെക്കണമെന്ന നിബന്ധന ഉള്‍പ്പെടെ വരുന്നുണ്ട്. മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് പാര്‍പ്പിടം. അതും കേന്ദ്രസര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും പരസ്യത്തിനുപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് നല്ല കാര്യമല്ല.

മറച്ചുവെക്കപ്പെടുന്ന കാര്യങ്ങള്‍ സമൂഹത്തോട് തുറന്നു പറയാനുള്ള ഉദ്യമം കൂടിയാണ് നവകേരള സദസ്സ് എന്ന് സൂചിപ്പിച്ചിരുന്നു. അതിനെ ചിലര്‍ പരിഹസിച്ചത് കണ്ടു. മറച്ചു വെക്കപ്പെടുന്ന കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതുണ്ട്. അങ്ങനെ ഒളിപ്പിച്ചു വെക്കുന്നതും ജനങ്ങള്‍ അനിവാര്യമായും അറിയേണ്ടതുമായ ഒരു വിഷയം തന്നെയാണ് ഭവന നിര്‍മ്മാണത്തിന്റെ പ്രശ്‌നം.

കേരളത്തിലെല്ലാവര്‍ക്കും വീട് ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നല്‍കുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണ്. അത് നിറവേറ്റാന്‍ എല്ലാവരും തയാറാകണം. അതിനായി മുന്നോട്ടു വരണം. ലൈഫിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ ശ്രമിക്കരുത്. എത്രവലിയ വെല്ലുവിളികള്‍ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ