കാസർഗോഡ് കവർച്ച നടത്തി, മോഷ്ടിച്ച ബൈക്കുമായി കൊല്ലത്തേക്ക്; വഴിയിൽ അപകടം, 34 കാരൻ പൊലീസ് പിടിയിൽ

കാസർഗോഡ് നിന്ന് പണവും മൊബൈൽ ഫോണും ബൈക്കും മോഷ്ടിച്ച് കൊല്ലത്തേക്ക് പോകുന്നതിനിടെ 34 കാരൻ പിടിയിൽ. കുറ്റിപ്പുറം പള്ളിപ്പടിയിൽ വെച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റിയതോടെയാണ് യുവാവ് പൊലീസ് പിടിയിലായതും മോഷണക്കഥ പുറത്തറിഞ്ഞതും. കൊല്ലം പട്ടത്താനം വായാലിൽത്തോപ്പ് നദീർഷാൻ (34) ആണ് കുറ്റിപ്പുറം പൊലീസിൻറെ പിടിയിലായത്.

ഇന്നലെ പുലർച്ചെ കുറ്റിപ്പുറം പള്ളിപ്പടിയിൽ വച്ചാണ് നദീർഷാൻ സഞ്ചരിച്ചിരുന്ന ബൈക്ക്, കാറുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ നദീർഷാനെ നാട്ടുകാർ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസിൻറെ ചോദ്യം ചെയ്യലിലാണ് മോഷണം വിവരങ്ങൾ അറിയുന്നത്. കാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച നദീർഷാൻ പിന്നീട് ബൈക്കും മോഷ്ടിച്ചതിന് ശേഷം കൊല്ലത്തേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

Read more

സമാനമായ മറ്റൊരു കേസിൽ വയനാട് തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിൽ മോഷണം നടത്തിയ രണ്ട് പേർ ഇന്നലെ പൊലീസ് പിടിയിലായിരുന്നു. പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈ മാസം എട്ടിനായിരുന്നു മോഷണം നടന്നത്. 22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവർ മോഷ്ടിച്ചിരുന്നത്.