കാസര്‍ഗോഡ് ടാറ്റാ കോവിഡ് ആശുപത്രി പൂട്ടാന്‍ നീക്കം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഭൂരിഭാഗം ജീവനക്കാരെയും ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോവിഡ് രോഗികള്‍ ഇല്ലാത്തതിനാലാണ് ജീവനക്കാരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.
സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 191 ജീവനക്കാരെയാണ് കോവിഡ് ആശുപത്രിയില്‍ നിയമിച്ചിരുന്നത്. ഇതില്‍ 170 പേരെയും മറ്റ് ആശുപത്രികളിലക്ക് മാറ്റി. അവശേഷിക്കുന്ന ജീവനക്കാരെ ഉടന്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് ഉടന്‍ മാറ്റി നിയമിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ടാറ്റാ ആശുപത്രിയിലുണ്ടായിരുന്ന ഉപകരണങ്ങള്‍ ജില്ലയിലെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ട് പോയി. കില്ലാ ആശുപത്രി, ജനറല്‍ ആശുപത്രി, അമ്മയും കുഞ്ഞും ആസ്പത്രി എന്നിവിടങ്ങളിലേക്കാണ് ഉപകരണങ്ങള്‍ മാറ്റിയത്. വലിയ പ്രതീക്ഷയോടെ ആരംഭിച്ച ടാറ്റാ ആശുപത്രി പൂട്ടാന്‍ നീക്കം ആരംഭിച്ചതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Read more
2020 ഏപ്രില്‍ 29 ന് നിര്‍മ്മാണം ആരംഭിച്ച ആശുപത്രി സെപ്തംബര്‍ 9 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. അതിവേഗം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആശുപത്രിയില്‍ ഒക്ടോബര്‍ 26 ന് കോവിഡ് ചികിത്സയും തുടങ്ങി. 128 കണ്ടെയ്‌നറുകളിലായി 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്.