കാസര്‍ഗോഡ് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റയും കൃപേഷിന്റേയും സഹോദരിമാര്‍ പരീക്ഷകളില്‍ നേടിയത് മികച്ച വിജയം. സഹോദരങ്ങള്‍ വേര്‍പിരിഞ്ഞ് പോയ സങ്കടത്തിലും പ്രതിസന്ധികളോട് തരണം ചെയ്താണ് ഈ മിടുക്കികള്‍ ഉന്നതവിജയം കരസ്ഥമാക്കിയത്. കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയപ്പോള്‍ ശരത്‌ലാലിന്റെ സഹോദരി പി കെ അമൃത കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം കോം പരീക്ഷയില്‍ 78 ശതമാനം മാര്‍ക്ക് നേടി.
കൃഷ്ണപ്രിയയ്ക്ക് മലയാളത്തിന് എ പ്ലസും മറ്റ് വിഷയങ്ങള്‍ക്ക് എ ഗ്രേഡും ലഭിച്ചു. പെരിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് കൃഷ്ണപ്രിയ പഠിച്ചത്. കൊമേഴ്‌സ് ആയിരുന്നു വിഷയം. ചേട്ടന്റെ മരണത്തിന് ശേഷം പരീക്ഷയെഴുതില്ലെന്ന് തീരുമാനിച്ച കൃഷ്ണപ്രിയയെ ബന്ധുക്കളാണ് ആ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. ബിരുദത്തിന് ചേരാണ് ഇനി കൃഷ്ണപ്രിയയുടെ ആഗ്രഹം.
ശരത്‌ലാലിന്റെ മരണത്തില്‍ തകര്‍ന്നു പോയ അമൃതയും പരീക്ഷയെഴുതാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ പരീക്ഷ എഴുതാന്‍ നിര്‍ബന്ധിച്ചത് ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ്. ചേട്ടനാണ് തന്നെ പുലര്‍ച്ചെ വിളിച്ചെഴുന്നേല്‍പ്പിച്ച് പഠിപ്പിക്കുന്നതെന്ന് പറഞ്ഞ് കരഞ്ഞ അമൃത ചേട്ടന്‍ന്റെ ആഗ്രഹം പോലെ തന്നെ മികച്ച വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ബി എഡ് ആണ് അമൃതയുടെ ലക്ഷ്യം.
ഇരുവരുടെയും പഠനച്ചെലവുകള്‍ വഹിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തും മരുമകളും നേരത്തെ അറിയിച്ചിരുന്നു. ഫെബ്രുവരി 17-നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്.