കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വീണ്ടും സംഘര്‍ഷം. ശനിയാഴ്ച സുപ്രീംകോടതി വിധിയിലൂടെ ഓര്‍ത്തഡോക്സ് പക്ഷം പള്ളിയില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഇന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുന്നത്. രാവിലെ കുര്‍ബാനക്കെത്തിയ ഓര്‍ത്തഡോക്സ് വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന യാക്കോബായ വിഭാഗവും തമ്മിലാണ് തര്‍ക്കമുണ്ടായത്.
ഇടവകാംഗങ്ങളല്ലാത്തവര്‍ പള്ളിയില്‍ പ്രവേശിക്കുന്നെന്ന് ആരോപിച്ചാണ് യാക്കോബായ വിഭാഗം പ്രതിഷേധിച്ചത്. വാക്കുതര്‍ക്കം രൂക്ഷമായതോടെ പൊലീസ് ഇടപ്പെട്ടു. ഇടവകാംഗങ്ങളുടെ പട്ടികയിലുള്ളവര്‍ മാത്രമേ പള്ളിയില്‍ പ്രവേശിക്കാവൂ എന്ന് നേരത്തെ ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചിരുന്നു
സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ പള്ളിയുടെ താക്കോല്‍ കൈമാറണമെന്ന ആവശ്യം യാക്കോബായ പക്ഷം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പൊലീസ് കാവലിലാണ് ഇന്നലെ ഓര്‍ത്തഡോക്സ്പക്ഷ വികാരിയെ പള്ളിയില്‍ പ്രവേശിപ്പിച്ചത്. വിധി അംഗീകരിക്കാന്‍ തയാറാണെന്നും എന്നാല്‍ ഇടവകാംഗങ്ങളായ വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശനം ഉറപ്പാക്കണമെന്നും യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു. ആഗസ്റ്റ് 15 വരെ ഒരു സംഘം പള്ളിയില്‍ പ്രാര്‍ഥനയുമായി കഴിയാനാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ തീരുമാനം.