കട്ടപ്പന ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതി നിധീഷുമായി പൊലീസ് കാഞ്ചിയാറിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക പൊലീസ് കണ്ടെടുത്തു. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിരുന്നു. വീടിനകം ദുരൂഹത നിറഞ്ഞതാണെന്നും ആൾ താമസമുള്ള വീടായി തോന്നുന്നില്ലെന്നുമാണ് സഥലത്തെത്തിയ പഞ്ചായത്തംഗങ്ങൾ പറയുന്നത്.
വീടിനുള്ളിൽ ചെറിയ കുഴിയെടുത്ത് സിമന്റ് തേച്ചതായി കാണുന്നുണ്ട്. മുറികളെല്ലാം തന്നെ അലങ്കോലമായിട്ടാണ് കിടക്കുന്നതെന്നും മുറിക്കുള്ളിൽ ഒട്ടേറെ ചാക്കുകെട്ടുകളുണ്ടെന്നും മുറിക്കകത്ത് കർട്ടൻ പോലെ പ്ലാസ്റ്റിക്കുകൾ കൊണ്ട് മറച്ചിരിക്കുന്നതായും പഞ്ചായത്തംഗം ഷാജി പറഞ്ഞു. അവരുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞതാണെന്നതിന്റെ തെളിവാണ് അവരുടെ വീടെന്നും ഷാജി കൂട്ടിച്ചേർത്തു.
ചാക്കുകെട്ടുകളും അതുപോലെ പൂജ നടന്നതിന്റെ ലക്ഷണങ്ങളും വീടിനുള്ളിൽ കാണുന്നുണ്ട്. വീടിനകം മൊത്തത്തിൽ ഭയാനകമാണെന്നും മറ്റൊരു പഞ്ചായത്തംഗം രമ മാധ്യമങ്ങളോട് പറഞ്ഞു. വിജയന്റെ മൃതദേഹം കണ്ടെത്താൻ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.
കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), സുഹൃത്ത് പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ കഴിഞ്ഞ ദിവസമാണ് മോഷണക്കേസിൽ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരം പുറംലോകമറിയുന്നത്. വിഷ്ണുവിന്റെ പിതാവ് എൻജി വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു എന്നിവരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നാണു നിതീഷ് പൊലീസിനോടു സമ്മതിച്ചത്.
മുത്തച്ഛൻ വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളിൽ കുഴിച്ചുമൂടി.
2023ലാണ് വിജയനെ കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതീഷ് , വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വിജയൻ പ്രായാധിക്യം മൂലം ജോലിക്ക് ഒന്നും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2016ലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നത്. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ശിശുവിനെ ശ്വാസം മുട്ടിച്ചന് കൊന്നത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.
എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ. സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, മോഷണശ്രമത്തിനിടെ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിഷ്ണുവിനെ ആശുപത്രി വിട്ട ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു.