ഇടുക്കി കട്ടപ്പനയിലെ ഇരട്ട കൊലപതകത്തിന്റെ ചുരുളഴിയുന്നു. മുത്തച്ഛൻ വിജയനെ കൊലപ്പെടുത്തിയത് ഭാര്യയുടെയും മകന്റെയും സഹായത്തോടെയെന്ന് നിതീഷ് കുറ്റം സമ്മതിച്ചു. നിതീഷ് തന്നെയാണ് നവജാത ശിശുവിനെയും കൊലപ്പെടുത്തിയത്. കൊലപാതക ശേഷം കുഞ്ഞിന്റെ മൃതദേഹം തൊഴുത്തിനുള്ളിൽ കുഴിച്ചുമൂടി.
2023ലാണ് വിജയനെ കൊലപ്പെടുത്തിയത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. വിജയൻ പ്രായാധിക്യം മൂലം ജോലിക്ക് ഒന്നും പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
2016ലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തുന്നത്. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ശിശുവിനെ ശ്വാസം മുട്ടിച്ചന് കൊന്നത്. കയ്യിലിരുന്ന കുഞ്ഞിനെ വിജയൻ കാലിലും പിടിച്ച് നൽകിയപ്പോൾ നിതീഷ് മൂക്കും വായും തുണികൊണ്ട് മൂടിയാണ് ശ്വാസം മുട്ടിച്ച് കൊന്നത്. രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് അറിഞ്ഞാലുണ്ടായ നാണക്കേട് മൂലമാണ് കൊലയെന്നും എഫ്ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.
എല്ലാവർക്കും എതിരെ കൊലപാതകം, തെളിവു നശിപ്പിക്കൽ. സംഘം ചേർന്നുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിജയന്റെ മൃതദേഹം കണ്ടെത്താൻ കാഞ്ചിയാറിലെ വീടിന്റെ തറ പൊളിച്ച് പരിശോധന നടത്തും. അതേസമയം, മോഷണശ്രമത്തിനിടെ പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിഷ്ണുവിനെ ആശുപത്രി വിട്ട ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു.