Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

കട്ടിപ്പാറയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ രാത്രിയിലും തുടരുന്നു;  മരിച്ചത് മൂന്നു കുട്ടികളടക്കം ഏഴു പേര്‍

, 11:20 pm

കട്ടിപ്പാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴു പേര്‍ക്കുള്ള തിരച്ചില്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. മരിച്ച അബ്ദുറഹ്്മാന്റെ ഭാര്യ നഫീസ, മരിച്ച ഹസന്റെ ഭാര്യ ആസിയ, മകള്‍ നുസ്റത്ത്, നുസ്്റത്തിന്റെ രണ്ടു മക്കള്‍, ഹസന്റെ മരുമകള്‍ ശംന, ശംനയുടെ മകന്‍ വിച്ചിമോന്‍ എന്നിവര്‍ക്കു വേണ്ടിയുള്ള തിരച്ചിലാണ് രാത്രിയും തുടരുന്നത്.

മരിച്ച ദില്‍ന ഷെറിന്റേയും മുഹമദ് ഷഹബാസിന്റേയും മാതാപിതാക്കളായ സലീമും ഭാര്യ ഷെറിനും സഹോദരനായ ശമ്മാസും രക്ഷപ്പെട്ടിട്ടുണ്ട്. മരിച്ച ജാഫറിന്റെ ഭാര്യ ഹന്നത്തും മകളും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.

പൂനൂര്‍ വെട്ടിഒഴിഞ്ഞുതോട്ടം അങ്ങാടിയില്‍ നിന്നും 200 മീറ്റര്‍ അകലെ പെരിഞ്ചാലില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് ഒരു പ്രദേശത്തെ മുഴുവന്‍ കണ്ണീരിലായ്ത്തിയ ദുരന്തമുണ്ടായത്. ചെറിയ മണ്ണിടിച്ചിലല്ലാതെ ഇവിടെ ഇത്തരത്തിലുള്ള ഒരു പ്രഹരം ആദ്യമായാണ് സംഭവിക്കുന്നത്. മലമുകളില്‍ നിന്നും കൂറ്റന്‍ പാറക്കെട്ടുകള്‍ വന്‍ ശബ്ദത്തോടെ താഴ്വാരത്തെ നാലു വീടുകളിലും പതിക്കുകയായിരുന്നു. ഇതോടെ നാലു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. ശബ്ദം കേട്ടു ഓടിയെത്തിയ നാട്ടുകാര്‍ ദുരന്തത്തിന്റെ ഭീകരതക്കു മുന്നില്‍ പകച്ചു നിന്നു പോവുകയായിരുന്നു.

ആദ്യ ഘട്ടത്തില്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലായിരുന്നു നാട്ടുകാര്‍. വീട് സ്ഥിതി ചെയ്തിരുന്നതിന്റെ അടയാളം പോലുമില്ലാതെ മൂന്നു വീടുകള്‍ പൂര്‍ണമായും ഒരു വീട് ഭാഗികമായും ഇല്ലാതയിരിക്കുകയാണ്. നാട്ടുകാര്‍ തന്നെയാണ് രക്ഷാ പ്രവര്‍ത്തനം ആദ്യം തുടങ്ങിയത്. രക്ഷപ്പെട്ട മൂന്നു പേരെ ആശുപത്രിയില്‍ എത്തിച്ചതും നാട്ടുകാര്‍ തന്നെയാണ്. ഫയര്‍ ഫോഴ്സും പോലീസും എത്തിയത് രാവിലെയാണ്.

അവരെത്തുമ്പോഴേക്കും നാട്ടുകാര്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഉച്ചയോടെയാണ് തൃശൂരില്‍ നിന്നുള്ള ദുരന്ത നിവാരണ സേന അപകട സ്ഥലത്ത് എത്തിയത്. രാത്രിയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കുത്തനെയുള്ള കുന്നില്‍ പ്രദേശമായതിനാല്‍ രക്ഷാ പ്രവര്‍ത്തനം വളരെ സാവധാനമാണ് നടക്കുന്നത്. ദുരന്തത്തില്‍പെട്ട ഹസന്റെ വീട്ടില്‍ നോമ്പുതുറയ്ക്കു വന്ന മക്കളും മരുമക്കളുമുണ്ടായിരുന്നതാണ് മരണ സംഖ്യ കുടാന്‍ കാരണം. വെട്ടിഒഴിഞ്ഞുതോട്ടം എസ്.എസ്.എം.യു.പി സ്‌കൂളിലാണ് മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ദുരന്ത പ്രദേശത്തു നിന്നു ആളുകളെ വെട്ടിഒഴിഞ്ഞുതോട്ടം എല്‍.പി സ്‌കൂളിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്.

Advertisement