'ക്രിസംഘി'കളാക്കപ്പെടുന്ന ക്രൈസ്തവര്‍!; സഭക്കെ്എതിരെ തീവ്ര ഇസ്ലാമിക സംഘടനകളുടെ ബൗദ്ധിക നീക്കം; 'ന്യൂസ് മിനിട്ടിനും മാധ്യമത്തിനും എതിരെ എണ്ണിപ്പറഞ്ഞ് കെ.സി.ബി.സി

മീപകാലങ്ങളിലായി കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം, പൗരോഹിത്യം, സന്യാസം, സഭയുടെ വിവിധ സേവന മേഖലകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടാനും അവമതിക്കപ്പെടാനും ഇടയാക്കിയതിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ പിന്‍ബലമുള്ള ‘മാധ്യമം’ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ടെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍.

സഭയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ആന്തരിക വിഷയങ്ങളില്‍പോലും കൈകടത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും, തെറ്റിദ്ധാരണാജനകമായ ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ച് സഭയെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അവഗണിക്കാനാവാത്തവയാണെന്ന് കെ.സി.ബി.സി ജാഗ്രത കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

ചിലര്‍ക്ക് ആരോ ചാര്‍ത്തിക്കൊടുത്ത ‘ക്രിസംഘികള്‍’ എന്ന വിചിത്രനാമത്തെ തലക്കെട്ടാക്കിക്കൊണ്ട് ‘ന്യൂസ് മിനുട്ട്’ എന്ന ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തെ വിവര്‍ത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളത്തിലെ സാക്ഷാല്‍ ‘മാധ്യമം’. ചില കാഴ്ചകള്‍ മാത്രം കാണാന്‍ കഴിവുള്ള ‘പ്രബുദ്ധ’ മാധ്യമങ്ങളുടെയും, അത്തരം മാധ്യമപ്രവര്‍ത്തനത്തെ ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റിയിരിക്കുന്നവരുടെയും എണ്ണം അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം വിചിത്രമായ ആഖ്യാനങ്ങളും ആരോപണങ്ങളും തുടര്‍ക്കഥകളാവുകയാണ്.
അവാസ്തവങ്ങളും, അര്‍ദ്ധസത്യങ്ങളും അക്കമിട്ട് നിരത്തി, അന്ധമായ സംഘപരിവാര്‍ ആഭിമുഖ്യം അലങ്കാരമായി കൊണ്ടുനടക്കുന്ന അപൂര്‍വ്വം ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നിരീക്ഷിച്ച് അത്തരക്കാരുടെ പ്രഘോഷണങ്ങളെയും സഭാവിരുദ്ധരുടെ ദുരാരോപണങ്ങളെയും സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ചുമലില്‍ അടിച്ചേല്‍പ്പിച്ച് അവസാനിപ്പിച്ചിരിക്കുന്ന ‘ന്യൂസ് മിനുട്ട്’ ലേഖനത്തിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നും, അതിന്റെ ലക്ഷ്യം എന്താണെന്നും ഊഹിക്കാന്‍ ബുദ്ധിമുട്ടില്ല.

കേരളത്തില്‍ സമീപവര്‍ഷങ്ങളായി അനുഭവവേദ്യമായിരിക്കുന്ന, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളും അതിന്റെ ഭാഗമായ അസ്വാരസ്യങ്ങളും ഭീഷണികളും വെറും കെട്ടുകഥകള്‍ മാത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ആ പുതുതലമുറ ഓണ്‍ലൈന്‍ മാധ്യമം നടത്തുന്നതെന്ന് നിശ്ചയം. ‘മാധ്യമം’ പത്രത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അത് ഏറ്റെടുത്ത് വിവര്‍ത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചതും അതേ ലക്ഷ്യത്തോടെ തന്നെയാണ്. കേരളത്തിലെ ഇസ്ലാം – ക്രിസ്ത്യന്‍ ബാന്ധവം, കത്തോലിക്കാ സമൂഹത്തിന്റെയും സഭാനേതൃത്വത്തിന്റെയും നിലപാടുകള്‍, സംഘപരിവാറിന്റെ അജണ്ടകള്‍ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളാണ് ക്രൈസ്തവ നാമധാരിണിയായ ലേഖിക പരാമര്‍ശ വിധേയമാക്കുന്നത്.

കേരളത്തിലെ ഇസ്ലാം – ക്രിസ്ത്യന്‍ ബാന്ധവം

ലോകത്തില്‍ പലയിടങ്ങളിലും ഇസ്ലാം – ക്രിസ്ത്യന്‍ സംഘര്‍ഷങ്ങള്‍ ഉണ്ടെന്നും, രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ പതിവാണെന്നും, എന്നാല്‍ കേരളത്തിലെ സ്ഥിതി വളരെ വ്യത്യസ്തമാണെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഇസ്ലാമിന് ആറു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപംകൊണ്ട ക്രൈസ്തവ സമൂഹമാണ് അന്നുമുതല്‍ ഇന്നുവരെയും ഇസ്ലാമിക ഭീകരരുടെ മുഖ്യ ശത്രുക്കള്‍ എന്നതില്‍ സംശയമില്ല. ലോകമെമ്പാടും അപ്രകാരമാണെന്ന കാര്യത്തില്‍ ലേഖികയ്ക്ക് ആശയക്കുഴപ്പമില്ലെങ്കിലും കേരളം തികച്ചും വ്യത്യസ്തമായ ഒരു ദേശമാണ് എന്ന് സ്ഥാപിക്കാന്‍ ആദ്യന്തം ശ്രമിക്കുന്നു.

കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനം വരെ എത്തി നില്‍ക്കുന്ന ഇസ്ലാമിക ഭീകരവാദം സംബന്ധിച്ച സംഭവവികാസങ്ങളും അനുബന്ധ ചര്‍ച്ചകളും ഇന്നും ചില കോണുകളിലെങ്കിലും സജീവമായി നിലനില്‍ക്കുമ്പോഴും, കേരളത്തിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കേവലം സംഘപരിവാര്‍ ഗൂഢാലോചനകളും ആരോപണങ്ങളും മാത്രമാണെന്നാണ് ‘ന്യൂസ് മിനുട്ടിന്റെ’ പക്ഷം! ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിങ്ങനെ സമീപകാലങ്ങളില്‍ വലിയ വിവാദങ്ങളായി മാറിയ ആരോപണങ്ങള്‍ വെറും വ്യാജപ്രചാരണങ്ങള്‍ മാത്രമാണ്, ഇത്രമാത്രം നിഷ്‌കളങ്കരായ (കേരളത്തില്‍ മാത്രമുള്ള) മുസ്‌ളീം സമൂഹത്തെ തെറ്റുകാരാക്കി ചിത്രീകരിക്കാന്‍ കേരളത്തിലെ ക്രൈസ്തവരില്‍ ഒരു വിഭാഗവും, കത്തോലിക്കാ സഭാ നേതൃത്വവും സംഘപരിവാറിന് കൂട്ടുനില്‍ക്കുകയാണ് എന്ന് ലേഖനം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

‘കണക്കില്ലാത്ത’ സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമാണ് ബിജെപിയുമായുള്ള സഭയുടെ കൂട്ടുകെട്ടിന് അടിസ്ഥാനമെന്ന കടംകൊണ്ട ഒരു ആരോപണത്തിലാണ് ലേഖനം അവസാനിക്കുന്നത്. കേരളത്തില്‍ ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ യാതൊന്നും തിരിച്ചറിയപ്പെട്ടിട്ടില്ല, അങ്ങനെയൊന്ന് ഇല്ലേയില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ലേഖിക, ഒന്നുകില്‍ ഇന്നലത്തെ മഴയില്‍ പൊട്ടിമുളച്ചതായിരിക്കണം, അല്ലെങ്കില്‍ മനപ്പൂര്‍വ്വം പച്ചക്കള്ളം പറയുന്നു! ലൗജിഹാദ് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് എന്ന് സ്ഥാപിച്ചെടുക്കാന്‍ മാധ്യമങ്ങളും സര്‍ക്കാരും ഉള്‍പ്പെടെ ഇവിടെ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് എന്നുള്ളത് വ്യക്തം. എന്നാല്‍, മതംമാറ്റം ലക്ഷ്യം വച്ചുള്ള പ്രണയക്കെണികള്‍ പെണ്‍കുട്ടികള്‍ക്കായി ഒരുക്കപ്പെടുന്നുന്നുണ്ട് എന്നതിന് വളരെ വ്യക്തമായ തെളിവുകള്‍ നിരവധി ലഭ്യമാണ്. ഇത്തരമൊന്ന് കേരളത്തിലുണ്ട് എന്ന് നിസ്സംശയം തുറന്നുപറയാന്‍ തയ്യാറായിട്ടുള്ള മുന്‍ ഡിജിപിമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളില്‍ ആയിരുന്നപ്പോള്‍ എന്തുകൊണ്ടാണ് അക്കാര്യങ്ങള്‍ പറയാന്‍ പറ്റാതെപോയിട്ടുള്ളത് എന്നുള്ളതിനും അവര്‍ക്ക് വ്യക്തമായ ഉത്തരമുണ്ട്. ആടിനെ പട്ടിയാക്കേണ്ടതും, ചെന്നായെ ചെമ്മരിയാട് ആക്കേണ്ടതും ആരുടെ ആവശ്യമാണ് എന്ന് ചിന്താശേഷിയുള്ളവര്‍ക്ക് എളുപ്പം മനസിലാകും. പ്രണയക്കെണികള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഒരു ഉദാഹരണം മാത്രമാണ്.

ക്രൈസ്തവ സമൂഹത്തിനെതിരായ ബൗദ്ധിക നീക്കങ്ങള്‍

സമീപകാലങ്ങളിലായി കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം, പൗരോഹിത്യം, സന്യാസം, സഭയുടെ വിവിധ സേവന മേഖലകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടാനും അവമതിക്കപ്പെടാനും ഇടയാക്കിയതിന് പിന്നില്‍ തീവ്ര ഇസ്ലാമിക സംഘടനകളുടെ പിന്‍ബലമുള്ള ‘മാധ്യമം’ ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. സഭയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ആന്തരിക വിഷയങ്ങളില്‍പോലും കൈകടത്തി ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും, തെറ്റിദ്ധാരണാജനകമായ ലേഖനങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ച് സഭയെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ അവഗണിക്കാനാവാത്തവയാണ്. സാമുദായികമായി ഒരുകാലഘട്ടത്തില്‍ നിലനിന്നിരുന്ന അടുപ്പം കുറഞ്ഞുവന്നിരിക്കുന്നു എന്ന ലേഖികയുടെ ആശങ്ക കൂടുതല്‍ ആഴമുള്ള പഠനങ്ങള്‍ ആവശ്യപ്പെടുന്നു.

അനാവശ്യമായതും, ഊതിപ്പെരുപ്പിച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തില്‍ വിവിധയിടങ്ങളില്‍ അരങ്ങേറിയ നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇസ്ലാമിക സംഘടനകളുടെ നേരിട്ടും അല്ലാതെയുമുള്ള പിന്തുണ ഉണ്ടായിട്ടുള്ളതായി മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലും, അധികാര സ്ഥാനങ്ങളിലും, സാംസ്‌കാരിക രംഗങ്ങളിലും നുഴഞ്ഞുകയറി ക്രൈസ്തവര്‍ക്കും സഭാനേതൃത്വത്തിനും എതിരെ നീക്കങ്ങള്‍ നടത്തുന്ന ഒരു ചെറിയ വിഭാഗം സമീപകാലങ്ങളിലായി കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട് എന്നുള്ള വാസ്തവത്തെയും തള്ളിക്കളയാനാവില്ല.

വിവിധ സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെയും, പൗരോഹിത്യം, സന്യാസം തുടങ്ങിയവയെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോകളും ലേഖനങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു തുടങ്ങിയതും സമീപ വര്‍ഷങ്ങളിലാണ്. ക്രൈസ്തവ യുവതീ യുവാക്കള്‍ പോലും വഴിതെറ്റിക്കപ്പെടുന്ന വിധത്തിലുള്ള ക്യാംപെയ്‌നിംഗുകള്‍ ചില സംഘടനകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതായും, അത്തരക്കാര്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് പെണ്‍കുട്ടികളെ ഉള്‍പ്പെടെ വശംവദരാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതിരോധിക്കാനായി ചിലര്‍ രംഗത്തിറങ്ങിയത്. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുകയും, ഒട്ടേറെ മുന്‍നിര നേതാക്കള്‍ അറസ്റ്റിലാവുകയും ചെയ്തതോടെ ഇത്തരക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പ്പം ശമനം കാണപ്പെടുന്നുണ്ട് എങ്കിലും അത് ശാശ്വതമാണെന്ന് കരുതാനാവില്ല.

ആസൂത്രിതമായി നടന്നുവന്ന വ്യാജപ്രചാരണങ്ങള്‍, അധിക്ഷേപ ശ്രമങ്ങള്‍, സ്ഥാപനങ്ങള്‍ക്കും, നേതൃത്വങ്ങള്‍ക്കും എതിരെയുള്ള നീക്കങ്ങള്‍, മന്ത്രി സ്ഥാനം വരെ ദുരുപയോഗിച്ചുകൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിശ്വാസികളെ സഭയില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ എന്നിങ്ങനെ നിരന്തരമായി നടന്നുവന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയുകയും പ്രതികരിക്കുകയുമാണ് ക്രൈസ്തവ സമൂഹത്തില്‍ സംഭവിച്ചിട്ടുള്ളത്. ഹിജാബ് വിഷയം മാത്രം ഉയര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കരുതിക്കൂട്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നാലില്‍പ്പരം അക്രമ സംഭവങ്ങളാണ്. സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ പോന്ന സംഭവങ്ങള്‍ വേറെയും പലതും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങളെയും കാരണങ്ങളെയും പരിഗണിക്കാതെ, എല്ലാം സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങളില്‍നിന്നുള്ള ഗൂഢാലോചനയുടെ ഭാഗം എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത് അതിബുദ്ധിയുടെ പ്രകടനമാണ്.

ക്രിസംഘി’കളുടെ സംഘപരിവാര്‍ ബന്ധം

ബിജെപി – സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും മറ്റു മതവിഭാഗങ്ങളോടും സമുദായങ്ങളോടുമുള്ള നിലപാടുകള്‍ സുവ്യക്തമാണ്. ബിജെപി ഭരണം നടത്തുന്ന വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ രഹസ്യമാക്കി വയ്ക്കപ്പെടുന്നവയല്ല. കേരളകത്തോലിക്കാ സഭാ നേതൃത്വം ഒട്ടേറെ അവസരങ്ങളില്‍ അത്തരം സംഭവങ്ങളെക്കുറിച്ച് ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ളതാണ്. മതമൗലികവാദം ആധിപത്യം നേടുന്നത് ഏത് മതവിഭാഗങ്ങളിലായാലും, അതിന്റെ കാരണങ്ങള്‍ എന്തുതന്നെ ആയാലും ഫലം ഒന്നുമാത്രമായിരിക്കും, ഇതര മത വിധ്വേഷം. അതിനാല്‍ത്തന്നെ കത്തോലിക്കാ സഭയില്‍ ഇത്തരം പ്രവര്‍ത്തന പദ്ധതികളോ ആശയ പ്രചരണങ്ങളോ രൂപപ്പെടുന്നതിനെ എക്കാലവും സഭാ നേതൃത്വം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

എന്നാല്‍, കേരളത്തിന്റെ പശ്ചാത്തലത്തില്‍, ചില പ്രത്യേക മേഖലകളിലും, ഇടങ്ങളിലും വളരെ രൂക്ഷമായി അനുഭവപ്പെട്ട തീവ്ര ഇസ്ലാമിക സംഘടനാ പ്രവര്‍ത്തരില്‍നിന്നുള്ള ഭീഷണികളുടെ അനുബന്ധമായി അതിനെതിരെ പ്രവര്‍ത്തനസജ്ജരായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. മുസ്‌ളീം വിരോധത്തെ രാഷ്ട്രീയ ആയുധമായി കാണുന്ന സംഘപരിവാര്‍ സംഘടനകള്‍ അത്തരം നീക്കങ്ങളെ മുതലെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം. എങ്കിലും, ചില തീവ്ര ഇസ്ലാമിക സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഭീഷണികള്‍ കെട്ടുകഥകളാകുന്നില്ല. കേരളത്തില്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകര സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്ന വെളിപ്പെടുത്തലുകളും, കേരളത്തില്‍നിന്ന് പോയി വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായി മാറിയ നൂറുകണക്കിന് പേരുണ്ടെന്ന റിപ്പോര്‍ട്ടും, സിമി മുതല്‍ പിഎഫ്‌ഐ വരെയുള്ള സംഘടനകളുടെ നിരോധനവും, അനുബന്ധ അറസ്റ്റുകളും തുടങ്ങി തീവ്ര ഇസ്ലാമിക സംഘടനകളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കേവലം സംഘപരിവാര്‍ സൃഷ്ടികളാണെന്നോ, ‘കാസ’ എന്ന ഒരു സംഘടനയുടെ പ്രവര്‍ത്തനഫലമാണെന്നോ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നത് നിഷ്‌കളങ്കമെന്ന് കരുതാനാവില്ല.

കേരളകത്തോലിക്കാ സഭാ നേതൃത്വവും, മറ്റ് ക്രൈസ്തവ നേതൃത്വങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വിഷയമാണ് കേരളത്തിലെ ഇസ്ലാം – ക്രിസ്ത്യന്‍ ബന്ധങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളും, വര്‍ദ്ധിച്ചുവരുന്ന വിവിധ ഭീഷണികളും. രാഷ്ട്രീയ നേതൃത്വങ്ങളോ മാധ്യമ സിന്‍ഡിക്കേറ്റുകളോ എത്രയൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും തേഞ്ഞുമാഞ്ഞ് പോകാത്ത പലതും ഈ സമൂഹത്തില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗം തീവ്ര ചിന്താഗതിക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ സമുദായ നേതൃത്വങ്ങളും മാധ്യമങ്ങളും ശ്രദ്ധ ചെലുത്തുന്നതിന് പകരം മൂടിവയ്ക്കാനും, കള്ളങ്ങള്‍ പ്രചരിപ്പിക്കാനും, കുറ്റങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനുമാണ് ശ്രമിക്കുന്നതെങ്കില്‍ കേരളം കൂടുതല്‍ അപകടകരമായ അവസ്ഥയിലേയ്ക്ക് പരിണമിച്ചുകൊണ്ടേയിരിക്കും എന്ന് തീര്‍ച്ച.

KCBC Commission for Social Harmony and Vigilance

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍