സമ്മേളനം വിളിച്ച് ചേര്‍ത്തത് പാലാ ബിഷപ്പ്; ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്കാക്കാന്‍ ആരും ശ്രമിക്കേണ്ട; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെ പിന്തുണച്ച് കെസിബിസി

ലൗ ജിഹാദ് പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ പിന്തുണച്ചത് കേരള കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി). പിസി ജോര്‍ജിന്റെ പ്രസംഗത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതൊന്നുമില്ലന്ന് കെസിബിസി വ്യക്തമാക്കി. പാലാ ബിഷപ്പ് വിളിച്ചു ചേര്‍ത്ത മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധസമ്മേളനത്തിലാണ് അദേഹം പ്രസംഗിച്ചത്. ഇതില്‍ മതവിദ്വേഷം വളര്‍ത്തുന്നതായ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള വ്യക്തമാക്കി.
സമ്മേളനത്തില്‍ പാലാ രൂപതാതിര്‍ത്തിക്കുള്ളിലെ എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, പിടിഎ പ്രസിഡന്റുമാര്‍, ഹെഡ്മാസ്റ്റര്‍മാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. മാരാക ലഹരി വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനും പരിഹാര നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് യോഗം വിളിച്ചത്. ഇതില്‍ ഏതെങ്കിലും മതത്തെക്കുറിച്ച് പരാമര്‍ശം ഉണ്ടായിട്ടില്ല.

ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക് എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കാന്‍ ആരും ശ്രമിക്കേണ്ട. 24000 കോടി രൂപയുടെ മാരക ലഹരിവസ്തുക്കള്‍ സംസ്ഥാനത്ത് വിറ്റഴിക്കുന്നതും ഉപയോഗിക്കുന്നതും സ്ഥിരികരിച്ചിട്ടുണ്ട്. പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ഇതു മൂടിവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും കെസിബിസി ആരോപിച്ചു.

മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നുമാണ് പിസി ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞത്. ക്രിസ്ത്യാനികള്‍ 24 വയസ്സിന് മുമ്പ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാന്‍ തയ്യാറാകണം. മുസ്ലിം പെണ്‍കുട്ടികളെ 18 വയസ്സിനുമുമ്പ് കല്യാണം കഴിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അവര്‍ പിഴച്ചുപോകുന്നില്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി രക്ഷിതാക്കള്‍ പെരുമാറണം.

Read more

കഴിഞ്ഞദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്ഫോടകവസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ള അളവിലുണ്ട്. അത് എവിടെ കത്തിക്കാനാണെന്നും അറിയാം. പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ മാണി സി. കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.