നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്ക് ആശംസകൾ നേർന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബിനെയും ജനങ്ങളെയും അതിർത്തിക്ക് അപ്പുറത്തു നിന്ന് വരുന്ന ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയട്ടെയെന്ന് ട്വിറ്ററിൽ കുറിച്ചു.
‘ചരൺജിത് സിംഗ് ചന്നിക്ക് ആശംസകൾ. അതിർത്തി സംസ്ഥാനമായ പഞ്ചാബിനെ സുരക്ഷിതമായി നിലനിർത്താനും അതിർത്തിക്ക് അപ്പുറത്തു നിന്ന് വരുന്ന സുരക്ഷ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിച്ച് നിർത്തുമെന്നും പ്രതീക്ഷിക്കുന്നു’ -അമരീന്ദറിന്‍റെ മാധ്യമ ഉപദേഷ്ടാവ് ട്വിറ്ററിൽ കുറിച്ചു.
അതേസമയം ചരൺജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പാർട്ടിയുടെ ദളിത് മുഖമായ ചന്നിയെ പഞ്ചാബ് കോൺഗ്രസ് നിയമസഭകക്ഷി നേതാവായി ഞായറാഴ്ച ചേർന്ന എം.എൽ.എമാരുടെ യോഗം നിർദേശിക്കുകയായിരുന്നു. ഇതോടെ ചരൺജിത് സിംഗ് ചന്നി പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേൽക്കും.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് അമരീന്ദർ സിംഗിനേയും ക്ഷണിച്ചിട്ടുണ്ട്. അതിനിടെ, ചന്നിയുടെ പേര് നിർദ്ദേശിക്കാൻ നവ്ജ്യോത് സിംഗ് സിദ്ദുവിനെ അനുകൂലിച്ചത് ആറ് എംഎൽമാർ മാത്രമാണെന്ന വിവരം പുറത്തു വന്നു. കൂടുതൽ എംഎൽഎമാർ സുനിൽ ഝാക്കറെയുടെ പേരാണ് നിർദ്ദേശിച്ചതെന്നാണ് സൂചനകൾ. അതിനിടെ, അതിർത്തി സംസ്ഥാനത്ത് അസ്ഥിരത ഉണ്ടാക്കരുതെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു. തന്റെ നേട്ടങ്ങൾ വിശദീകരിച്ച് അമരീന്ദർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്കിയിട്ടുണ്ട്.