കെഎസ്ഇബി ഓഫീസ് ആക്രമണം; ആക്രമിച്ചില്ലെങ്കില്‍ വൈദ്യുതി പുനഃസ്ഥാപിക്കും; പ്രതിയുടെ പിതാവിന് 11 കണക്ഷനുകള്‍; വാക്കുതര്‍ക്കവും ഭീഷണിയും പതിവെന്ന് കെഎസ്ഇബി

തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പിന്നാലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന് അറിയിച്ച് കെഎസ്ഇബി. കെഎസ്ഇബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

അതേസമയം കെഎസ്ഇബി ഓഫീസ് ആക്രമിച്ച പ്രതിയുടെ പിതാവിന്റെ പേരില്‍ 11 കണക്ഷനുകളുണ്ടെന്നും അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനുകളാണെന്നും കെഎസ്ഇബി അറിയിച്ചു. സ്ഥിരമായി വൈദ്യുതി ബില്‍ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതര്‍ക്കവും ഭീഷണിയും പതിവാണെന്നും ബോര്‍ഡ് അറിയിച്ചു.

കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ പ്രതിയുടെ മാതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിക്കാന്‍ വീട്ടിലെത്തിയ ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി കൈമാറുകയായിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. കെഎസ്ഇബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഏഴ് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.പുറത്തുവന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിലപാട്.

കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കില്ലെന്നായിരുന്നു കെഎസ്ഇബി അധികൃതര്‍ നേരത്തെ അറിയിച്ചത്. പരാതിക്കാര്‍ നിയമ നടപടിയാണ് സ്വീകരിക്കേണ്ടത്. ഓഫീസ് ആക്രമിക്കുകയല്ല വേണ്ടത്. മറ്റുള്ളവരും ഇത് മാതൃകയാക്കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നാണ് കെഎസ്ഇബിയുടെ ആശങ്ക.

കഴിഞ്ഞ ദിവസമായിരുന്നു തിരുവമ്പാടി കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ആക്രമണം നടന്നത്. ഓഫീസില്‍ അതിക്രമിച്ച് കയറി അസിസ്റ്റന്റ് എന്‍ജിനീയറെ മര്‍ദ്ദിക്കുകയും മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തെന്നാണ് പരാതി.

ആക്രമണത്തിന് പിന്നാലെ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറാണ് അക്രമികളുടെ വീടുകളിലെ കണക്ഷന്‍ വിച്ഛേദിക്കാന്‍ ഉത്തരവിറക്കിയത്. ഇതേ തുടര്‍ന്നായിരുന്നു നടപടി. ആക്രമണം നടത്തിയ അജ്മല്‍, ഷഹദാദ് എന്നിവരുടെ വീടുകളിലെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവിന് പിന്നാലെ വിച്ഛേദിച്ചത്.

കെഎസ്ഇബി ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് തിരുവമ്പാടി ഉള്ളാറ്റില്‍ ഹൗസിലെ റസാക്ക് എന്ന ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് റസാക്കിന്റെ മകന്‍ അജ്മലും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച ലൈന്‍മാന്‍ പ്രശാന്തിനെയും സഹായി അനന്തുവിനെയും മര്‍ദ്ദിച്ചു.

ഇതേ തുടര്‍ന്ന് തിരുവമ്പാടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പ്രകോപിതനായി അജ്മല്‍ ശനിയാഴ്ച രാവിലെ കൂട്ടാളി ഷഹദാദുമൊത്ത് കെഎസ്ഇബി ഓഫീസിലെത്തി ആക്രമണം നടത്തുകയായിരുന്നു. രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് ഓഫീസില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ദേഹത്ത് മലിനജലം ഒഴിക്കുകയും ഓഫീസ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു.

വനിതാ ജീവനക്കാരെയും പ്രതികള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അസിസ്റ്റന്റ് എന്‍ജിനീയറും ജീവനക്കാരും മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്ഇബി ആക്രമണത്തിന്റെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത്.

Read more