യോഗ്യതയില്ലാത്തയാളെ കേരള കാര്‍ഷിക സര്‍വ്വകലാശാല വിസിയാക്കി; ഗവര്‍ണറുടെ നടപടി വിവാദത്തില്‍

കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം വിവാദമാകുന്നു. കേരള കാര്‍ഷികസര്‍വ്വകലാശാല വൈസ് ചാന്‍സലറായി രംഗനാഥന്‍ ചന്ദ്രബാബുവിന്റെ നിയമനം കഴിഞ്ഞ ആഴ്ചയാണ് നടന്നത്. ചട്ടങ്ങളും നിയമങ്ങളും കീഴ്വഴക്കങ്ങളും കാറ്റില്‍ പറത്തിയാണ് നിയമനം നടത്തിയിരിക്കുന്നതെന്നും ഇതില്‍ ഗവര്‍ണര്‍ പി സദാശിവം പ്രത്യേക താത്പര്യം നല്‍കിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.

വൈസ് ചാന്‍സലര്‍ പദവിയിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയ്യതി 2017 ഡിസംബര്‍ 21 വൈകിട്ട് അഞ്ച് മണി. 23ന് 11 മണിയോടെ ചാന്‍സലറായ ഗവര്‍ണ്ണറുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയില്‍ സെര്‍ച്ച് കമ്മിറ്റിയുടെ യോഗം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് മുമ്പ് നിയമന ഉത്തരവ്. അന്ന് തന്നെ വൈകിട്ട് 5.55ന് ചാന്‍സലര്‍ എന്ന നിലയില്‍ 1971 ലെ കേരള സര്‍വ്വകലാശാല ആക്ടിന്റെ സെക്ഷന്‍ 27/2 പ്രകാരം ആര്‍. ചന്ദ്രബാബുവിനെ കേരള കാര്‍ഷികസര്‍വ്വകലാശാല വി.സിയായി നിയമിച്ചു എന്ന് ഗവര്‍ണറുടെ റ്റ്വീറ്റ്. അപ്പോഴാണ് കാര്‍ഷിക മന്ത്രിയടക്കമുള്ളവര്‍ വിവരം പുറത്തറിയുന്നതെന്നാണ് റിപ്പോര്‍ട്ട്.

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ പാലിക്കേണ്ടതായ എല്ലാ പ്രക്രിയകളും ഇതില്‍ ലംഘിക്കപ്പെട്ടു. അപേക്ഷകര്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തി വിലയിരുത്താനുമുള്ള സമയം പോലും എടുക്കാതെയാണ് അന്നത്തെ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റി ഒറ്റത്തവണ മാത്രം യോഗം ചേര്‍ന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് വൈസ്ചാന്‍സലറെ ശുപാര്‍ശ ചെയ്തത്.  യു.ജി.സി നിയമനത്തിന് 2006 ല്‍ വരുത്തിയ ഭേദഗതി 2010 ല്‍ നിലവില്‍ വന്നത് പ്രകാരം കാര്‍ഷിക സര്‍വ്വകലാശാലകളുടെ വി.സിയാകുന്നവരുടെ അടിസ്ഥാന ബിരുദം കൃഷിശാസ്ത്രത്തിലായിരിക്കണം. ചന്ദ്രബാബു പക്ഷെ, ബോട്ടണി ബിരുദധാരിയാണ്.

Read more

ഈ വിഷയവുമായി ബന്ധപ്പെട്ട പ്ലാന്റ് ഫിസിയോളജി, പ്ലാന്‍ ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസയോഗ്യത. വളരെ സ്വകാര്യമായാണ് വി.സി നിയമനം നടന്നത്. പത്രങ്ങളില്‍ പബ്ലിക് നോട്ടിഫിക്കേഷന്‍ നല്‍കണമെന്ന വ്യവസ്ഥ പാലിച്ചിട്ടില്ല. പകരം, ഇന്റര്‍നെറ്റിലൂടെയാണ് വിഞ്ജാപനം പ്രസിദ്ധീകരിച്ചത്. അതില്‍ തീയതിയോ വിഞ്ജാപനത്തിന്റെ നമ്പറോ ഇല്ലാതെയാണ് 2017 ഡിസംബര്‍ 21 വൈകിട്ട് 5 മണി അവസാന സമയം വെച്ച് കാര്‍ഷികോല്പാദന കമ്മീഷ്ണര്‍ ടിക്കാറാം മീണ അപേക്ഷ ക്ഷണിച്ചത്.