രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. മദ്യവില, ക്ഷേമ പെന്‍ഷന്‍ എന്നിവ വര്‍ധിപ്പിക്കില്ല. എല്‍ഡിഎഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.
ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റ് ആണ് നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് തത്കാലത്തേക്ക് എങ്കിലും പരിഹാരം കണ്ടെത്താന്‍ വിവിധ സേവന നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചന.
വില്ലേജ്, താലൂക്ക് തദ്ദേശ സ്ഥാപനങ്ങളിലെ വിവിധി സേവന സര്‍ട്ടിഫിക്കറ്റ് നിരക്കുകള്‍. കെട്ടിട നികുതി. സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയിലെല്ലാം വര്‍ധനവ് വന്നേക്കും. ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കാനുള്ള ആലോചന സജീവമാണ്. ഭൂമിയുടെ വിപണി വിലയിലുള്ള വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ഫീസിനത്തില്‍ വര്‍ധനവ് വരുത്താനാണ് നീക്കം.
പ്രഫഷണല്‍ ടാക്സ് വര്‍ധിപ്പിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട് .നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും. മദ്യത്തിന്റെ വിറ്റുവരവ് നികുതി കുറച്ചുനാളുകള്‍ക്കു മുമ്പ് വര്‍ധിപ്പിച്ചത് കൊണ്ട് ബജറ്റില്‍ മദ്യവില കൂടാന്‍ സാധ്യതയില്ല.
Read more
ക്ഷേമപെന്‍ഷന്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ 2500 ആക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത്തവണയും വര്‍ധനവ് ഉണ്ടാവില്ല. എല്‍.ഡി.എഫ് അംഗീകരിച്ച വികസന രേഖയുടെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഹരിത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭിച്ചേക്കും.