ബഫര്‍ സോണിന്റെ മൂന്നാമത്തെ മാപ്പും അപൂര്‍ണമെന്ന് പരാതി. സീറോ പോയിന്റ് എന്ന അവകാശവാദത്തോടുകൂടി സര്‍ക്കാര്‍ ഇന്നലെ പുറത്തുവിട്ട മൂന്നാമത്തെ മാപ്പിലും നിരവധി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. നല്‍കിയിരിക്കുന്ന സര്‍വ്വേ നമ്പരുകള്‍ വനത്തിന് അകത്താണോ പുറത്താണോ എന്ന് മനസിലാകുന്നില്ല എന്നു മാത്രമല്ല ഇടുക്കി ജില്ലയില്‍ മാങ്കുളം എന്ന പഞ്ചായത്ത് തന്നെ ഈ മാപ്പില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിന്റെ അതിര്‍ത്തിയായി ഈ മാപ്പില്‍ കൊടുത്തിരിക്കുന്നത് ഇടമലക്കുടി പഞ്ചായത്ത് ആണ്.
രണ്ടായിരത്തില്‍ നിലവില്‍ വന്ന മാങ്കുളം പഞ്ചായത്ത് ഈ മാപ്പില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. അതിനര്‍ത്ഥം 2000ത്തിനു മുമ്പുള്ള വിവരങ്ങള്‍ ഉപയോഗിച്ചിട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന മാപ്പുകള്‍ തയ്യാറാക്കിയത് എന്നാണെന്ന് കിഫ ആരോപിച്ചു. ഓണപ്പതിപ്പ് ക്രിസ്മസ് പതിപ്പ് ന്യൂ ഇയര്‍ പതിപ്പ് എന്നപോലെ വ്യത്യസ്ത മാപ്പുകള്‍ പുറത്തുവിട്ടുകൊണ്ട് ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാകുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ ആവശ്യപ്പെട്ടു.
ഇന്നലെ പുറത്തു വിട്ടിരിക്കുന്ന മൂന്നാമത്തെ മാപ്പില്‍ പരാതി അയക്കാന്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ പോലും പ്രവര്‍ത്തനം രഹിതമാണ്. eszforest@kerala.gov.in എന്ന ഇമെയില്‍ ഐഡിയില്‍ ജനുവരി 7 പരാതികള്‍ അറിയിക്കാനാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിര്‍ദ്ദേശം ഉള്ളത്. എന്നാല്‍ പ്രസ്തുത ഇമെയില്‍ ഐഡിയിലേക്ക് മെയില്‍ അയക്കുമ്പോള്‍ അങ്ങനെ ഒരു മെയില്‍ ID നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. ആയതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം ചേര്‍ക്കുന്നു.
സീറോ പോയിന്റ് മാപ്പ് എന്ന പേരില്‍ സര്‍ക്കാര്‍ രണ്ടാമത് പുറത്തുവിട്ട രണ്ടാമത്തെ മാപ്പിലും ആദ്യം പുറത്തു വിട്ട ഒരു കിലോമീറ്റര്‍ മാപ്പിലും eszexpertcommittee@gmail.com എന്ന ഇ മെയില്‍ ഐഡി ആയിരുന്നു പരാതി അയക്കാനായി നല്‍കിയിരുന്നത്. ആ ഇമെയില്‍ ഐഡിയിലേക്കാണ് ഇതുവരെ ആയിരക്കണക്കിന് പരാതികള്‍ നാട്ടുകാര്‍ അയച്ചതും. എന്നാല്‍ മൂന്നാമത്തെ മാപ്പ് പുറത്തുവിട്ടപ്പോള്‍ ഇമെയില്‍ ഐഡി എക്‌സ്‌പെര്‍ട്ട് കമ്മിറ്റിക്ക് പകരം വനംവകുപ്പിന്റെ ഈമെയില്‍ ഐഡി ആണ് നല്‍കിയത്. അതു പ്രവര്‍ത്തനം രഹിതവും ആണ്. പരാതി അയക്കാനുള്ള ഈമെയില്‍ ഐഡി പോലും കൃത്യമായി നല്‍കാന്‍ പറ്റാത്ത സര്‍ക്കാര്‍ റിപ്പോര്‍ട്ടുകളില്‍ എന്തുമാത്രം കൃത്യത ഉണ്ടാകുമെന്ന് കാര്യത്തില്‍ ആശങ്കയുണ്ടെന്ന് കിഫ ചെയര്‍മാന്‍ പറഞ്ഞു.
ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉള്ള നിര്‍മിതികളുടെ കണക്കെടുക്കണം എന്ന് കൃത്യമായിട്ടുള്ള സുപ്രീംകോടതി വിധിയുള്ളപ്പോള്‍ എന്തിനാണ് സീറോ പോയിന്റ് എന്നും പറഞ്ഞ് കേരള സര്‍ക്കാര്‍ പുതിയ മാപ്പ് കൊടുത്തുവിടുകയും അതില്‍ ആക്ഷേപം ഉള്ളവര്‍ പരാതി അറിയിക്കണം എന്ന് പറഞ്ഞ് ഇ മെയില്‍ കൊടുത്തിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള മുഴുവന്‍ നിര്‍മ്മിതികളുടെയും കൃത്യമായി കണക്കെടുക്കുകയും അത് സുപ്രീംകോടതിയിലും സി ഇ സിയിലും സമയബന്ധിതമായി സമര്‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ എല്ലാ വന്യജീവി സങ്കേധങ്ങള്‍ക്കും ഇളവ് നേടിയെടുക്കുകയും ചെയ്യുക എന്നുള്ളതാണ്. ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ ആളുകളെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് തള്ളി വിടുന്ന പുതിയ മാപ്പുകള്‍ ഓരോ ദിവസവും പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കിഫ ആവശ്യപ്പെട്ടു.