'വര്‍ഗീയ ഭിന്നിപ്പ് വര്‍ദ്ധിപ്പിക്കാന്‍ അധികാരികള്‍ കൂട്ട് നിന്നു'; ഹിജാബ് നിരോധനത്തില്‍ കര്‍ണാടകയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ അധികാരികള്‍ കൂട്ട് നിന്നെന്നെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ രണ്ടാം പൗരന്‍ എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി ബാഗേപള്ളിയില്‍ നടന്ന സിപിഎമ്മിന്റെ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചരിത്രത്തെ ഞെരിച്ചു കൊല്ലാനാണു ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഹിജാബ് നിരോധനം വര്‍ഗീയ ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ്. ഇതിന് അധികാരികള്‍ കൂട്ടുനിന്നു. മുസ്ലിം വിഭാഗത്തെപ്പറ്റി ഭീതി പരത്താന്‍ ശ്രമിക്കുന്നു. ന്യൂനപക്ഷങ്ങള്‍ രണ്ടാം കിട പൗരന്‍മാരാണെന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.

ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യത്തൊട്ടാകെ സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ്.ശ്രമം. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കു ഗുണകരമാകുന്നു. മതവര്‍ഗീയ ശക്തികള്‍ ദേശീയതയുടെ മുഖംമൂടി അണിയാന്‍ ശ്രമിക്കുന്നതായും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Read more

‘ദേശീയത’ എന്നാല്‍ ഹിന്ദുത്വദേശീയത എന്ന് വരുത്താനാണ് ശ്രമം നടക്കുന്നത്. ദേശസ്‌നേഹം ചില ആളുകളുടെ കുത്തക ആക്കാനാണ് നീക്കം. സ്വാതന്ത്ര സമരത്തില്‍ ഒരു പങ്കും വഹിക്കാത്തവര്‍ ദേശീയതയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നടക്കുകയാണ്. മാപ്പ് എഴുതികൊടുത്തവരാണ് ഇവര്‍. പ്രത്യേക രീതിയില്‍ മുദ്രാവാക്യം വിളിച്ചാലേ ദേശസ്‌നേഹം ആകൂ എന്ന് വരുത്താനാണ് നീക്കമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.