'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' കേന്ദ്ര സര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ട; സംഘപരിവാറിന്റെ ഗൂഢശ്രമം; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സംഘപരിവാറിന്റെ ഗൂഢശ്രമമാണൈന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചു വെച്ച അജണ്ടയാണ് ഇതിന് പിന്നില്‍.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ നിയോഗിച്ച മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാറിന് സര്‍വ്വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നില്‍. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാന്‍ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാന്‍. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് പദ്ധതി നടപ്പിലാക്കുമെന്ന് ഇക്കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഗൂഢശ്രമമാണ് സംഘപരിവാര്‍ നടത്തുന്നത്. ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തച്ചുതകര്‍ക്കാനായാണ് ‘ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ സാഹചര്യങ്ങളും പശ്ചാത്തലവുമാണ്. അതു പരിഗണിക്കാതെയും സംസ്ഥാനങ്ങളില്‍ ഉരുത്തിരിയുന്ന രാഷ്ട്രീയപ്രശ്‌നങ്ങളെ കണക്കിലെടുക്കാതെയും യാന്ത്രികമായി തെരഞ്ഞെടുപ്പ് നടത്തുന്നതും അതല്ലെങ്കില്‍ ജനവിധി അട്ടിമറിച്ച് കേന്ദ്രഭരണം അടിച്ചേല്‍പ്പിക്കുന്നതും ജനാധിപത്യത്തെ തകര്‍ക്കും. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും ഇന്ത്യയെന്ന ആശയത്തിനെ തന്നെയും അട്ടിമറിക്കാനുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.