രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെതിരെ ദുരാരോപണങ്ങള്‍ നടക്കുകയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ നിറംകെടുത്താന്‍ ശ്രമം നടക്കുന്നു. എല്ലാ വികസനങ്ങളും തടയുകയെന്നതില്‍ ബി.ജെ.പിയ്ക്കും യു.ഡി.എഫിനും ഒരേ മാനസികാവസ്ഥയാണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങള്‍ ഉന്നയിക്കുക എന്നിവയാണ് ഇരുകൂട്ടരുടേയും പരിപാടി. പക്ഷെ ഒന്നും ഏല്‍ക്കുന്നില്ല. യു.ഡി എഫ് സംസ്‌ക്കാരത്തിലല്ല എല്‍.ഡി.എഫ് നില്‍ക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ ജനം വിശ്വസിക്കുമെന്ന് ആരും കരുതേണ്ട. ആ പൂതിയൊന്നും ഏശില്ല. ആരോപണം ഉന്നയിക്കുന്നവര്‍ അപഹാസ്യരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനം എന്ന പേര് കേരളത്തിന് നേടാനാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ സംതൃപ്തിയാണ് ഇതില്‍ പ്രധാനം. സര്‍ക്കാര്‍ സേവനം പൗരകേന്ദ്രീകൃതമാക്കണം. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്ക് ഫയല്‍ അദാലത്തിന്റെ കാലഘട്ടത്തില്‍ മാത്രം ജാഗ്രത ഉണ്ടായാല്‍ പോര. സര്‍വ്വീസ് കാലയളവില്‍ മുഴുവന്‍ ആ ജാഗ്രത ഉണ്ടാവണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സര്‍വ്വതല സ്പര്‍ശിയായ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പടെ നടക്കില്ലെന്ന് കരുതിയ പല പദ്ധതികളും സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമായി. 2016 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നില്ലായിരുന്നെങ്കില്‍ ഇത്തരം വികസന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടറിയരുതെന്ന് ഒരു കൂട്ടര്‍ക്ക് വലിയ നിര്‍ബന്ധമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതിന് വേണ്ടി ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ രാഷ്ട്രീയമായി എല്‍ഡിഎഫിനെ നേരിടുന്നവരാണ്. കള്ള പ്രചരണം കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെ കളങ്കപ്പെടുത്താനാകില്ല. യുഡിഎഫ് അനുഭവിക്കുന്നത് അവരുടെ ദുഷ്ചെയ്തികളുടെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.