പിആര്‍ ശ്രീജേഷിന്റേത് മാതൃകയാക്കാവുന്ന കായികജീവിതമെന്ന് മുഖ്യമന്ത്രി; കേരളത്തിന്റെ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപയുടെ ചെക്കും ഉപഹാരവും കൈമാറി

അര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിക്കാന്‍ പി.ആര്‍.ശ്രീജേഷിന് പിന്‍ബലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്കാര്യത്തില്‍ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായികജീവിതമാണ് ശ്രീജേഷിന്റേത്. പാരീസ് ഒളിമ്പിക്‌സിലെ പ്രകടനത്തിലൂടെയും മെഡല്‍ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്താനായതായും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപയുടെ ചെക്കും ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

ഇന്ത്യന്‍ ഹോക്കി ടീം പ്രതിസന്ധിയിലായ അവസരങ്ങളില്‍ ഗംഭീര പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകാനും ശ്രീജേഷിനു കഴിഞ്ഞു. ഈ മികവു കൊണ്ടു തന്നെയാണ് 18 വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിലെ പ്രധാന കളിക്കാരനായി നിലനില്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്. ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറാണ് ശ്രീജേഷ് എന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായി തുടര്‍ന്നും അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ ഹോക്കി മേഖലയ്ക്ക് ഉണ്ടാകുമെന്നത് സന്തോഷകരമാണ്.

കേരളത്തിലെ ആദ്യ കായിക വിദ്യാലയമായ ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളാണ് ശ്രീജേഷ് എന്ന ഹോക്കി പ്രതിഭയെ കണ്ടെത്തിയത് എന്നത് നമുക്ക് ഏറ്റവും അഭിമാനം നല്‍കുന്ന കാര്യമാണ്. ചെറിയ പ്രായത്തില്‍ ജി വി രാജ സ്‌കൂളില്‍ എത്തിയ ശ്രീജേഷ് അത്‌ലറ്റിക്‌സിലാണ് താല്‍പ്പര്യം കാണിച്ചത്. എന്നാല്‍, അവിടെയുള്ള ഹോക്കി പരിശീലകരാണ് ശ്രീജേഷിന് ഹോക്കിയില്‍ കൂടുതല്‍ തിളങ്ങാന്‍ കഴിയുമെന്നു കണ്ടെത്തിയതും അതിലേക്കു നയിച്ചതും. അതൊരു നിര്‍ണായക വഴിത്തിരിവായി. അതിലൂടെ രാജ്യത്തിനൊരു ഒന്നാംകിട ഹോക്കി താരത്തെയാണ് ലഭിച്ചത്. ജി വി രാജ സ്‌കൂളിലെ കായികാദ്ധ്യാപകര്‍ നയിച്ച വഴിയിലൂടെ മനസ്സുറപ്പോടെ മുന്നോട്ടുപോകാന്‍ കഴിഞ്ഞതാണ് ശ്രീജേഷിന്റെ സവിശേഷത. ആ ലക്ഷ്യബോധവും സമര്‍പ്പണവുമാണ് കായികരംഗത്തേക്കു കടന്നുവരുന്നവര്‍ മാതൃകയാക്കേണ്ടത്. കേരളത്തിലെ ഹോക്കിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ശ്രീജേഷിനു കഴിയും.

കായികരംഗത്തെ ശ്രീജേഷിന്റെ മികവ് കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ തസ്തികയിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. ആ പദവിയില്‍ ഇരുന്നുകൊണ്ട് സ്‌കൂള്‍തലം മുതല്‍ക്കുള്ള കായികവികസനത്തിന് വലിയ സംഭാവനകള്‍ നല്‍കാന്‍ ശ്രീജേഷിനു കഴിയും. ശ്രീജേഷിന്റെ സേവനം ഏറ്റവും മികച്ച വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ശ്രീജേഷിനെ പോലുള്ള താരങ്ങള്‍ എല്ലാ കായിക ഇനങ്ങളിലും സൃഷ്ടിക്കപ്പെടണം. അവരിലൂടെ ഒളിമ്പിക്‌സ് മെഡല്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ബഹുമതികള്‍ കൂടുതലായി സ്വന്തമാക്കാന്‍ കേരളത്തിന് കഴിയണം. ഒപ്പം ഉന്നത നിലവാരമുള്ള കായിക സംസ്‌കാരം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും വേണം. മുന്‍കാല കായികതാരങ്ങള്‍ ഈ ദൗത്യത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നതിന്റെ തെളിവാണ് തനിക്ക് സര്‍ക്കാര്‍ നല്‍കിയ സ്വീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് മറുപടി പ്രസംഗത്തില്‍ ശ്രീജേഷ് പറഞ്ഞു. നിര്‍ണായക നേട്ടം കൈവരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് തുണച്ചു. ഗ്രേസ് മാര്‍ക്കായ അറുപത് മാര്‍ക്ക് മാത്രം ലക്ഷമിട്ട് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ എത്തിയ തനിക്ക് ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനായി എങ്കില്‍ തന്റെ മുന്നിലിരിക്കുന്ന കായിക വിദ്യാര്‍ത്ഥികള്‍ക്ക് ചെറുപ്രായം മുതല്‍ സ്വപ്നം കണ്ട് കഠിനാധ്വാനം ചെയ്ത് മുന്നേറിയാല്‍ പത്തുവര്‍ഷത്തിനുള്ളില്‍ തന്നെ ഒളിമ്പിക്‌സില്‍ വിജയം നേടാനാകും. കീറിയ ഷൂസും ജേഴ്‌സിയുമായി മത്സരങ്ങളില്‍ പങ്കെടുത്ത തനിക്ക് ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളാണ് വഴികാട്ടിയതെന്നും ശ്രീജേഷ് കൂട്ടിചേര്‍ത്തു.

ഒളിമ്പിക്‌സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്കും ഇന്ത്യന്‍ പരിശീലകനും അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ കുഞ്ഞു മുഹമ്മദ്, വിസ്മയ, നീന, മുഹമ്മദ് അനസ്, പി യു ചിത്ര എന്നിവര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍മാരായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. ഐ എം വിജയന്‍, കായിക വകുപ്പ് മുന്‍ മന്ത്രി എം വിജയകുമാര്‍, ആന്റണി രാജു എംഎല്‍എ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, കായിക- യുവജനകാര്യ ഡയറക്ടര്‍ വിഷ്ണുരാജ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, തുടങ്ങിയവര്‍ സംബന്ധിച്ചു. അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായി.

മാനവീയം വീഥിയുടെ പരിസരത്തു നിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ് സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. സ്‌കൂള്‍ ബാന്റ് സംഘങ്ങളും ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലുകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികളും അകമ്പടിയേകി.

Latest Stories

"ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം 1000 ഗോളുകൾ അല്ല, അതിനേക്കാൾ വിലപിടിപ്പുള്ള മറ്റൊന്നാണ്": പോർച്ചുഗൽ സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ട്രെൻഡ് ആയി 'മുറ' ട്രെയ്ലർ, ആശംസകളുമായി ലോകേഷ് കനകരാജും

സഞ്ജു ചെക്കൻ ചുമ്മാ തീയാണ്, അവന്റെ ബാറ്റിംഗ് കാണുന്നത് വേറെ ലെവൽ ഫീൽ; റിക്കി പോണ്ടിങ്ങിന്റെ ഫേവറിറ്റ് ആയി മലയാളി താരം; വാഴ്ത്തിപ്പാടിയത് ഇങ്ങനെ

'ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം, നാട്യം തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കും'; ബിനോയ് വിശ്വം

മുനമ്പത്തെ ജനങ്ങളെ പാല രൂപത സംരക്ഷിക്കും; വഖഫ് കുടിയിറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് വീടും പറമ്പും ഒരുക്കി നല്‍കും; തീരദേശ ജനതയോട് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കാൻ ഇബ്‌ലീസ് നോവ സദോയി തിരിച്ചു വരുന്നു

നാളെ കാണാം കിംഗ് 2 .0, നെറ്റ്സിൽ കണ്ടത് വിന്റേജ് കോഹ്‌ലിയെ; ഗംഭീർ നൽകിയത് അപകട സൂചന

എന്റെ മക്കള്‍ക്കില്ലാത്ത ഒരു ഗുണം മോഹന്‍ലാലിനുണ്ട്: മല്ലിക സുകുമാരന്‍

എന്തുകൊണ്ട് പഴയ ഫോമിൽ കളിക്കാനാവുന്നില്ല? നിർണായക വെളിപ്പെടുത്തലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ

"എന്നെ യുവേഫ വേട്ടയാടുന്നു, ഞാൻ എന്ത് ചെയ്തിട്ടാണ് എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്?": ജോസ് മൗറീഞ്ഞോ