ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ അവകാശവാദമുന്നയിച്ച് കേരള കോണ്‍ഗ്രസ് എം. എന്നാല്‍, ഇക്കാര്യത്തില്‍ പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. സീറ്റ് വേണമെന്ന നിലപാട് ഇടതുമുന്നണി യോഗത്തില്‍ സ്വീകരിക്കുമെന്ന് ജോസ് വ്യക്തമാക്കി.
യുഡിഎഫ് വിട്ടു വന്നപ്പോള്‍ പാര്‍ട്ടിക്ക് രാജ്യസഭ സീറ്റ് ഉണ്ടായിരുന്നു. അത് നല്‍കണമെന്ന് എല്‍ഡിഎഫില്‍ ശക്തമായി വാദിക്കാനും സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്.
എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനു വഴിയൊരുക്കിയത് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ നിലപാടെന്നും അതിനാല്‍ രാജ്യസഭാ സീറ്റിന് അര്‍ഹതയുണ്ടെന്നും ജോസ് പറഞ്ഞു.
സംസ്ഥാനത്ത് ഇടത് എംപിമാരായ എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ സംസ്ഥാന സെക്രട്ടറി), ജോസ് കെ മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കാനിരിക്കുന്നത്. കേരള നിയമസഭയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ രണ്ട് സീറ്റില്‍ ഇടതുമുന്നണിക്കും ഒരു സീറ്റില്‍ യുഡിഎഫിനും സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനാവും.
Read more
എല്‍ഡിഎഫില്‍ നിന്നും ഒരു സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി ചെയര്‍മാനായ ജോസ് കെ മാണിക്ക് നിലവില്‍ സ്ഥാനം ഒന്നും ഇല്ലാതാവും. ഇതു പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് വ്യക്തമായതോടെയാണ് രാജ്യസഭാ സീറ്റില്‍ ജോസ് സമ്മര്‍ദം ശക്തമാക്കിയിരിക്കുന്നത്.