മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കം രൂക്ഷം. സീറ്റ് തങ്ങൾക്ക് നല്‍കാമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പ് നൽകിയതായി കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം. ഇന്നലെ കുട്ടനാട്ടിൽ ചേർന്ന പാർട്ടി യോഗത്തിൽ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും നടന്നു. സീറ്റിന് വേണ്ടി ആരും അവകാശവാദം ഉന്നയിക്കേണ്ടെന്ന് ജോസ് കെ. മാണി വ്യക്തമാക്കി. പാര്‍ട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന അവസാന ഹിയറിംഗ് അനുകൂലമാകുമെന്നുമുള്ള തികഞ്ഞ പ്രതീക്ഷയിലുമാണ് ജോസ് കെ. മാണി വിഭാഗം
2011- ൽ പുനലൂർ മണ്ഡലം കോൺഗ്രസിന് നൽകിയപ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോൺഗ്രസ് എമ്മിന് കിട്ടിയ സീറ്റാണ് കുട്ടനാട്. അതേ ധാരണ പ്രകാരം ഇത്തവണ കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പു നൽകിയതായാണ് ജോസ് കെ. മാണിയുടെ അവകാശവാദം.
സീറ്റിനെ ചൊല്ലി തർക്കം നിലനിൽക്കെ കുട്ടനാട്ടിൽ നേതൃ യോഗം ചേർന്നു ജോസ് കെ. മാണി ആരെയൊക്കെ സ്ഥാനാർത്ഥികളാക്കാം എന്നതും തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ കുടുംബത്തിലെ ആരെങ്കിലും എതിർസ്ഥാനാർത്ഥിയായി വന്നാൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും ചമ്പക്കുളം ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബിനു ഐസക് രാജു മത്സരിച്ചേക്കും. അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയും ഇടത്വ സെന്‍റ് അലോഷ്യസ് കോളജ് പ്രൊഫസറുമായ ഡോ. ഷാജോ കണ്ട കുടിയെ സ്ഥാനാർത്ഥിയാക്കാനാണ് ധാരണ.
Read more
വരും ദിവസങ്ങളിൽ ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഇവർക്ക് ജോസ് കെ. മാണി നിർദ്ദേശം നൽകി. പാർട്ടി ചിഹ്നം സംബന്ധിച്ച് ഈ മാസം 13-ന് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന അവസാന ഹിയറിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് ജോസ് കെ. മാണി. 13, 14 തിയതികളിൽ ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി കുട്ടനാട് പ്രവർത്തനങ്ങളെ പറ്റി കൂടുതൽ ചർച്ച ചെയ്യും. അതേ സമയം കോൺഗ്രസ് നേതാക്കൾ തങ്ങൾക്ക് സീറ്റ് നൽകുമെന്ന വാദവുമായി ജോസഫ് വിഭാഗവും രംഗത്തെത്തി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാമിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം.