നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ബാബാ രാം ദേവ്, സഹായി ആചാര്യ ബാലകൃഷ്ണ എന്നിവരോട് കോഴിക്കോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശം. പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരിലുള്ള പരസ്യങ്ങളുടെ പേരിലാണ് നടപടി. ജൂണ്‍ മൂന്നിന് നേരിട്ടു ഹാജരാകണമെന്നാണ് കോഴിക്കോട് നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകനായ ഡോ. കെ.വി.ബാബു സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇദേഹം തുടക്കം മുതല്‍ പതഞ്ജലിയുടെ വ്യാജപ്രചരണത്തെ തുറന്ന് കാട്ടിയിരുന്നു.
കേസില്‍ ഒന്നാംപ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ കമ്പനിയായ ദിവ്യ ഫാര്‍മസിയാണ്. ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമെടുത്ത കേസിലാണ് നടപടി.
നേരത്തെ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി സ്ഥാപകന്‍ രാംദേവ്, എംഡി ആചാര്യ ബാലകൃഷ്ണ എന്നിവരെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പത്രങ്ങളില്‍ പരസ്യം നല്‍കിയ അതേ വലുപ്പത്തിലാണോ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചതെന്നു ജഡ്ജിമാരായ ഹിമ കോലി, എ.അമാനുല്ല എന്നിവര്‍ ഇരുവരോടും ആരാഞ്ഞു.
കേസില്‍ രാംദേവും ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പപേക്ഷ നടത്തിയിരുന്നു. പൊതുജനസമക്ഷം മാപ്പപേക്ഷ നടത്താന്‍ ഇക്കാര്യം പ്രസിദ്ധീകരിക്കാന്‍ തയാറാണെന്നും ഇവര്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വിഷയം പരിഗണിച്ചപ്പോള്‍ 67 പത്രങ്ങളില്‍ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചുവെന്ന് അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി അറിയിച്ചപ്പോഴാണു വലുപ്പത്തെക്കുറിച്ചു കോടതി തിരക്കിയത്. പരസ്യം നല്‍കിയതിന്റെ പകര്‍പ്പുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.