'ഓഖി': മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ പത്തുലക്ഷം ധനസഹായം; നാനൂറ് പേരെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ മരണം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പത്തു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യബന്ധനത്തിന് കടലില്‍ പോയ നാനൂറോളം പേരെ വിവിധസ്ഥലങ്ങളിലായി രക്ഷപ്പെടുത്താനായതായും മുഖ്യമന്ത്രി പറഞ്ഞു. സംഭവത്തില്‍പരിക്കേറ്റവര്‍ക്ക് 15000 രൂപ അയിന്തിര സഹായവും നല്‍കാന്‍ധാരണയായി. തീരദേശങ്ങളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഒറാഴ്ച സൗജന്യ റേഷന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള തീരത്തിന് പുറമെ ലക്ഷദ്വീപില്‍ പന്ത്രണ്ടു ബോട്ടുകളിലായി 138 പേരെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേരാണ് കടലില്‍ പോയതെന്നു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനായി വില്ലേജ് ഓഫീസര്‍മാരിലൂടെ വിവരശേഖരണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മത്സ്യബന്ധന വകുപ്പിന്റെ സഹായത്തിന് പുറമേയാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായങ്ങളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പരിക്കേറ്റവര്‍ക്കും ആശുപത്രിയില്‍ കഴിയുന്നവര്‍ക്കുമായി പതിനയ്യായിരം രൂപ സര്‍ക്കാര്‍ നല്‍കും, ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അയ്യായിരത്തിന് പുറമേയാണിത്. ബോട്ട് നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കും. തുക പിന്നീട് നിശ്ചയിക്കും. മത്സ്യബന്ധന വകുപ്പിന്റെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും ഇത്. വീട് ഒഴിഞ്ഞു പോകേണ്ടി വന്നവര്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 529 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കാവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ നല്‍കാന്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാവികസേന, എയര്‍ഫോഴ്‌സ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആര്‍മി എല്ലാ സജ്ജീകരണവുമായി ഉണ്ടായിരുന്നുവെങ്കിലും ഇടപെടലിന്റെ ആവശ്യം വന്നില്ല എല്ലാവര്‍ക്കും സര്‍ക്കാരിന്റെ നന്ദിയും അറിയിച്ചു. കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടയത് നല്ല ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.

Read more

സംഭവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ സാധിച്ചിരുന്നില്ല. എന്നാലിതിന് പരിഹാരമായി കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതിന് പുതിയ സംവിധാനങ്ങള്‍ ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പുതിയ ക്രമീകരണങ്ങള്‍ ഉടന്‍ ഉണ്ടാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.