ഗവര്‍ണര്‍ പരസ്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു; ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണം; ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെയുള്ള നിലപാട് കടുപ്പിച്ച് സിപിഎം. ഗവര്‍ണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് എഎം ആരീഫ് എംപി ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. ഗവര്‍ണര്‍ കേരളത്തില്‍ ഭരണപ്രതിസന്ധിയുണ്ടാക്കുന്നു. ജനാധിപത്യപരമായ രീതിയില്‍ തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരുളളപ്പോള്‍ ഗവര്‍ണര്‍ പരമാധികാരിയെ പോലെ പെരുമാറുന്നത് അംഗീകരിക്കാനാകില്ലെന്നും, കേരള സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നും അടിയന്തര നോട്ടീസില്‍ പറയുന്നു.

തമിഴ്നാട്ടിലെ എംപിമാര്‍ ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാഷ്ട്രപതിക്ക് കത്ത് നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കേരള ഗവര്‍ണര്‍ക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് സിപിഎം എംപി നോട്ടീസ് നല്‍കിയത്.ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് രാഷ്ട്രപതി ഇടപെട്ട് കേരള ഗവര്‍ണറെ വിലക്കണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടിരുന്നു.

Read more

പരസ്യമായ രാഷ്ട്രീയപ്രവര്‍ത്തനമാണ് ഗവര്‍ണര്‍ കേരളത്തില്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയാണ്. കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തകര്‍ക്കുകയാണെന്നുംആരിഫ് നല്‍കിയ അടിയന്തര പ്രമേയനോട്ടിസില്‍ പറയുന്നു.