കേരളത്തിന്റെ ഗവര്‍ണറായി അധികാരം ഏറ്റെടുത്ത ദിവസം തന്നെ സര്‍ക്കാരിന്റെ തീരുമാനം തടഞ്ഞ് തിരുത്തി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. മുന്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനു വിശ്വസ്തരായിരുന്ന ഉദ്യോഗസ്ഥരെ നീക്കിയതാണ് അര്‍ലേക്കറെ ചൊടിപ്പിച്ചത്.
ഗവര്‍ണറുടെ സുരക്ഷാവലയത്തിലെ ഏതാനും പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി പുതിയ ആളുകളെ പകരം വെച്ച സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ അദേഹം തയാറായില്ല. തുടര്‍ന്ന് ഡിജിപിയുടെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിനെ ഗവര്‍ണര്‍ രാജ്ഭവനിലേക്കു വിളിച്ചു വരുത്തി.
സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും വേണ്ടപ്പെട്ടവരെ രാജ്ഭവനിലേക്ക് നിയോഗിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അദേഹം എഡിജിപിയോട് വ്യക്തമാക്കി. ഉടന്‍ തീരുമാനം പിന്‍വലിക്കണമെന്ന് നിര്‍ദേശിച്ചു. ഗവര്‍ണര്‍ ആദ്യദിവസം തന്നെ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.
സുരക്ഷാ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെയാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറോട് പരാതി പറഞ്ഞത്. തന്നെ നിരീക്ഷിക്കാനാണ് പുതിയ ജീവനക്കാരെ സര്‍ക്കാര്‍ നിയമിച്ചതെന്ന സംശയം ഉയര്‍ന്നതോടെയാണ് അദേഹം നിലപാട് കടുപ്പിച്ചത്.