സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയ കോടതി പണിമുടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത് ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസ് ചട്ടം റൂള്‍ 86 പ്രകാരം പണിമുടക്ക് നിയമ വിരുദ്ധമാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
പണിമുടക്കിനെതിരെ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡന്‍ നായര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. പണിമുടക്കുന്നവര്‍ക്കു സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം നല്‍കുന്നതു ശരിയല്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പണിമുടക്കിയ ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചതിനെ നേരത്തെയും കോടതി വിമര്‍ശിച്ചിരുന്നു. കെഎസ്ആര്‍ടിയിലെ സമരവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നേരത്തെ വിമര്‍ശനം ഉന്നയിച്ചത്.