കേന്ദ്ര ബജറ്റിൽ 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം. അര്‍ഹമായ വിഹിതം പോലും അനുവദിക്കാതെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ നിന്നും കരകയറാനാണ് കേരളത്തിന്റെ ആവശ്യം. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ആവശ്യം മുന്നോട്ട് വെച്ചിട്ടുള്ളത്.
നാളിതുവരെ കേരളത്തിന് കേന്ദ്രം നല്‍കാനുള്ള തുക ഇതിലുമധികമാണ്. വിഴിഞ്ഞം തുറമുഖത്തിന് 5000 കോടി അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം മാത്രമല്ല, പല സംസ്ഥാനങ്ങളും കടപരിധി ഉയര്‍ത്തല്‍, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ വച്ചിട്ടുണ്ട്. ബീഹാറും ആന്ധ്രയും ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
നിലവിലെ 15-ാം ധനകമ്മീഷന്‍ കാലയളവില്‍ കേന്ദ്ര നികുതി വിഹിതത്തില്‍ 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവന്നതായി സാമ്പത്തികവിദഗ്ധര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ 5 വര്‍ഷക്കാലം പ്രതിവര്‍ഷം ശരാശരി ചെലവ് 1,20,000 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ചെലവ് 1,60,000 കോടി രൂപയാണ്. ചെലവില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധനവാണ് നേരിടുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനായി 8000 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 32,000 കോടിയായി ഉയര്‍ന്നു. ഈ സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ 27,000 കോടി രൂപ നല്‍കിക്കഴിഞ്ഞു.
റവന്യു കമ്മി ഗ്രാന്റ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായത്. കേന്ദ്ര ബഡ്ജറ്റില്‍ കേരളത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കാമെന്ന് യുഡിഎഫ് എംപിമാര്‍ ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ യുഡിഎഫ് കഴിഞ്ഞ തവണത്തേതുപോലെ വാക്ക് മാറ്റില്ല എന്ന് പ്രതീക്ഷിക്കുന്നു.
2022-23ലെയും 2023-24 ലെയുംകടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവ് മൂലമുണ്ടായ നഷ്ടം നികത്താനുള്ള പാക്കേജാണ് ആവശ്യപ്പെട്ടത്. ജിഎസ്ഡിപിയുടെ മൂന്ന് ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. ഒപ്പം ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട ½ ശതമാനവും ചേര്‍ത്ത് മൂന്നര ശതമാനം കടമെടുപ്പ് അവകാശമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2022-23ല്‍ 2.44 ശതമാനം മാത്രമാണ് എട്ടുടുക്കാന്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാകട്ടെ 2.88 ശതമാനവും. 14-ാം ധനകാര്യ കമ്മീഷനെ അപേക്ഷിച്ച് നിലവിലെ 15-ാം ധനകമ്മീഷന്‍ കാലയളവില്‍ കേന്ദ്ര നികുതി വിഹിതത്തില്‍ പ്രതിവര്‍ഷം 15,000 കോടി രൂപയുടെയെങ്കിലും കുറവ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നു. റവന്യു കമ്മി ഗ്രാന്റ്, ജിഎസ്ടി നഷ്ടപരിഹാരം എന്നിവ അവസാനിപ്പിച്ചതുവഴിയടക്കം വലിയ തോതിലുള്ള വരുമാനക്കുറവാണ് സംസ്ഥാനത്തിനുണ്ടായിട്ടുള്ളത്.
കേരളത്തിന് അര്‍ഹമായ വലിയ തോതിലുള്ള തുക കിട്ടാനുണ്ട്. അത് മുഴുവന്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. ഇതെല്ലാം ബോധ്യപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍വര്‍ഷങ്ങള്‍ എടുത്ത വായ്പയുടെ പേരില്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും 5710 കോടി രൂപ വീതമാണ് വായ്പയില്‍ കുറയുന്നത്. ദേശീയപാതാ വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനമായ ഏതാണ്ട് 6000 കോടി രൂപ നല്‍കേണ്ടി വരുന്ന ഏക സംസ്ഥാനവും കേരളമാണ്. ഇതും കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കുറച്ചിരിക്കുകയാണ്. ഇതിന് തുല്യമായ തുക ഈ വര്‍ഷം ഉപാധി രഹിതമായി കടമെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം മാത്രമല്ല, പല സംസ്ഥാനങ്ങളും കടപരിധി ഉയര്‍ത്തല്‍, പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ വച്ചിട്ടുണ്ട്. എന്‍ഡിഎ മുന്നണിയിലെ ഘടകകക്ഷികളായ സംസ്ഥാനങ്ങളടക്കം ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ ഒരു ശതമാനം മുതല്‍ കടമെടുപ്പ് പരിധി വര്‍ദ്ധനവാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 5000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്. 8867 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിയില്‍ 5595 കോടി രൂപ സംസ്ഥാനമാണ് വഹിക്കുന്നത്. നിലവില്‍ 818 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതമായുള്ളത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ പ്രഖ്യാപിച്ച മൂലധന നിക്ഷേപ വായ്പാ പദ്ധതി (CAPEX)യില്‍ നിന്ന് ബ്രാന്‍ഡിംഗിന്റെ പേര് പറഞ്ഞ് കേരളത്തിന് സഹായം നിഷേധിച്ചു. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാത, റെയില്‍വേ സംവിധാനങ്ങളുടെ നവീകരണവും ശാക്തീകരണവും, എയിംസ്, റബ്ബറിന്റെ താങ്ങ് വില ഉയര്‍ത്തല്‍, പരമ്പരാഗത മേഖലയുടെ നവീകരണത്തിനും തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്നതിനും ആവശ്യമായ സഹായങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നമ്മുടെ ആവശ്യങ്ങളായി കേന്ദ്ര ധനകാര്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്രവിഹിതത്തിന്റെ കുടിശ്ശികയായ 3686 കോടി രൂപയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര ബജറ്റില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറച്ചുകൂടി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളാണ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും നമുക്ക് പ്രതീക്ഷ തരുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ സഹായവും സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച എം.പിമാരുടെ യോഗം ഒരുമിച്ച് നില്‍ക്കാമെന്ന അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
കേരളത്തിന് അര്‍ഹമായ നികുതി വിഹിതം കിട്ടുന്നില്ല എന്ന യാഥാര്‍ത്ഥ്യം മുതിര്‍ന്ന സാമ്പത്തിക വിദഗ്ദ്ധര്‍ വരെ അംഗീകരിക്കുകയാണ്. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങള്‍ സംബന്ധിച്ച് ചില വസ്തുതകള്‍ കഴിഞ്ഞദിവസം പങ്കിട്ടിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ സമാഹരിക്കുന്ന നികുതി അടിസ്ഥാനത്തിന്റെ 80-85 ശതമാനമെങ്കിലും അതത് സംസ്ഥാനങ്ങള്‍ക്ക് വിഹിതമായി കിട്ടണമെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കാലയളവില്‍ കേരളത്തിന് നികുതി വിഹിതത്തില്‍ വന്നിട്ടുള്ള നഷ്ടം ഏകദേശം 15,000 കോടിയില്‍ അധികമാണെന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ നിന്ന് മനസ്സിലായിട്ടുള്ളതായി വ്യക്തമാക്കുന്നു. ഈ ധനകമ്മീഷന്റെ കാലയളവില്‍ 5 വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം നികുതി വിഹിത നഷ്ടം 75,000 കോടി രൂപ കവിയുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യമാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി സംസ്ഥാനത്തിന്റെ ധനകാര്യമന്ത്രി എന്ന നിലയില്‍ മുന്നോട്ടുവെയ്ക്കാന്‍ ശ്രമിച്ചിട്ടുള്ളത്. 16-ാം ധനകാര്യ കമ്മീഷന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഘട്ടങ്ങളിലും സംസ്ഥാനം ഇക്കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ചെലവുകളെല്ലാം കുറച്ചു, ഒന്നും നല്‍കുന്നില്ല എന്നിങ്ങനെ ചിലര്‍ നടത്തുന്ന ന്യായവാദങ്ങള്‍ തികച്ചും അടിസ്ഥാനമില്ലാത്തതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ 5 വര്‍ഷക്കാലം പ്രതിവര്‍ഷം ശരാശരി ചെലവ് 1,20,000 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ചെലവ് 1,60,000 കോടി രൂപയാണ്. കേന്ദ്രത്തില്‍ നിന്നുള്ള വിവിധ തുകകളില്‍ പ്രതിവര്‍ഷം 57,000 കോടി രൂപ കുറവ് വരുമ്പോഴും ചെലവില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വിവിധ ആനുകൂല്യങ്ങളിലുണ്ടായ വര്‍ദ്ധനവാണ് ചെലവ് ഉയര്‍ത്തുന്നതിലെ മുഖ്യ ഘടകമാകുന്നത്. കോവിഡ് കാലത്ത് ശമ്പള- പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കിയ അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച ഈ ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയത് രണ്ടാം പിണറായി സര്‍ക്കാരാണ്.
വര്‍ദ്ധിപ്പിച്ച ശമ്പളവും പെന്‍ഷനും ബാധ്യതയും അത് നല്‍കാനുള്ള വലിയ ഉത്തരവാദിത്തവും ഈ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരായിരുന്നു അധികാരത്തിലെത്തിയതെങ്കില്‍ ഈ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്ന് ഉറപ്പായിരുന്നു. അധികാരത്തിലെത്താന്‍ പോകുന്ന യുഡിഎഫ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശമ്പള-പെന്‍ഷന്‍ പരിഷ്‌കണം നടപ്പാക്കി ഉത്തരവിറക്കുന്നത് എന്ന് ആക്ഷേപിച്ചത് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഒരു സംഘടനയും ഇതേ കാര്യം പറഞ്ഞ് നോട്ടീസും അടിച്ചിറക്കിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതുകൊണ്ടാണ് ഈ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനായത്. 2017 മുതല്‍ 2021 വരെയുള്ള ഡിഎ കുടിശ്ശിക പി.എഫില്‍ ക്രെഡിറ്റ് ചെയ്തത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണ്. ഇതും ചേര്‍ത്ത് പബ്ലിക് അക്കൗണ്ടിന്റെ പേരില്‍ കടപരിധിയില്‍ നിന്ന് വെട്ടിക്കുറവ് വരുത്തുകയായിരുന്നു കേന്ദ്ര സര്‍ക്കാര്‍. സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ലഭ്യമാക്കല്‍, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ദ്ധന തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സര്‍ക്കാരാണ് നടപ്പാക്കിയത്. 30 ലക്ഷം പേര്‍ക്ക് മാസം 600 രൂപ വീതം നല്‍കിയിരുന്ന ക്ഷേമപെന്‍ഷന്‍ ഇപ്പോള്‍ 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതമാണ് നല്‍കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് (കാസ്പ്) 540 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തുന്നത് എന്നാല്‍ 1600 കോടിയോളം രൂപ വര്‍ഷം നല്‍കേണ്ടി വരുന്നു. 4000 മുതല്‍ 5000 വരെ ആന്‍ജിയോപ്ലാസ്റ്റി ചികിത്സാ ഓരോ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും വര്‍ഷം സൗജന്യമായി നല്‍കി വരുന്നു.
കെഎസ്ആര്‍ടിസിയ്ക്ക് 1000 കോടിയാണ് ബജറ്റില്‍ വയ്ക്കുന്നത്. 2400 കോടി വരെ ഇപ്പോള്‍ വര്‍ഷം ചെലവാകുന്നു. വിലക്കയറ്റ നിയന്ത്രണത്തിനും വിപണി ഇടപെടലിനും സപ്ലൈകോയ്ക്ക് 205 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെയ്ക്കുന്നത്. എന്നാല്‍ ഇതൊരിക്കലും മതിയാകില്ല. ആവശ്യമായത്ര തുക ലഭ്യമാക്കുന്നുണ്ട്. സപ്ലൈകോയുടെ പ്രവര്‍ത്തനം നന്നായി നടക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എസ്സിഎസ്ടി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകളില്‍ ഏകദേശം ആയിരത്തോളം കോടി രൂപ മുന്‍സര്‍ക്കാരുകളുടെ കാലത്തുള്ളത് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 540 കോടി രൂപയാണ് ഇത്തരം ആനുകൂല്യങ്ങള്‍ക്കായി നീക്കിവെച്ചത്. നാലും അഞ്ചും വര്‍ഷം മുമ്പുള്ള ആനുകൂല്യങ്ങളുടെ പോലും തുക അതത് കാലത്തെ സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ടി വരാറുണ്ട്. പരമ്പരാഗത മേഖലയിലെ പല ആനുകൂല്യങ്ങള്‍ക്കും ഇത്തരത്തില്‍ കുടിശ്ശിക നല്‍കി വരാറുണ്ട്. കിഫ്ബിയില്‍ ഇതുവരെ 30,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 20,000 കോടിയും ചെലവാക്കിയത് രണ്ടാം പിണറായി സര്‍ക്കാരാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷനായി 8000 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 32,000 കോടിയായി ഉയര്‍ന്നു. ഈ സര്‍ക്കാര്‍ 3 വര്‍ഷത്തിനുള്ളില്‍ 27,000 കോടി രൂപ നല്‍കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ബാധ്യതകളും ഉത്തരവാദിത്തങ്ങളുമെല്ലാം ഏറ്റെടുത്തുതന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത്തരം കാര്യങ്ങളാണ് സര്‍ക്കാരിന്റെ പ്രഥമ മുന്‍ഗണനകളിലുള്ളത്. ചെലവുകളില്‍ കുറവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാല്‍ അനാവശ്യ ദുര്‍വ്യയങ്ങളും അനര്‍ഹമായ ആനുകൂല്യങ്ങളും നിയന്ത്രിക്കേണ്ടിവരും.
വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കാവശ്യമായ സംസ്ഥാനവിഹിതം ഉറപ്പാക്കുന്നു. 5000 കോടി രൂപയുടെ വിനിയോഗമാണ് ഏറ്റെടുക്കുന്നത്. കെഎസ്ആര്‍ടിസി, കെറ്റിഡിഎഫ്‌സി, കേരള ബാങ്ക് എന്നിവയുടെ സാമ്പത്തിക സുതാര്യതയെ ബാധിക്കുന്ന വലിയ ബാധ്യത ഒഴിവാക്കുന്നതിനാവശ്യമായ 650 കോടിയിലധികം രൂപ ഈ സര്‍ക്കാര്‍ ലഭ്യമാക്കി. 2018 മുതലുള്ള ബാധ്യതയാണ് ഒഴിവാക്കിയത്. സപ്ലൈകോയ്ക്ക് നെല്ല് സംഭരണത്തിന്റെ പണം നല്‍കുന്നതിനായി 700 കോടി രൂപയാണ് നല്‍കിയത്. അടിസ്ഥാന സൗകര്യ വികസനവും കൂടുതല്‍ തൊഴില്‍ അവസരങ്ങളും ഉറപ്പാക്കാന്‍ വലിയ തോതിലുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.