കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ട്രോൾ വീഡിയോയ്‌ക്കെതിരെ സമർപ്പിച്ച റിട്ട് ഹർജി ഹൈക്കോടതി പരിഗണനക്കെടുത്തു. വർഗീയ കലാപത്തിന് പ്രേരണ നൽകിക്കൊണ്ട് ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു എന്നാരോപിച്ച് ദിവസ വേതന തൊഴിലാളിയായ ശ്രീജിത്ത് രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോക്ക് ഒപ്പം “വര വര പൂച്ചാണ്ടി റെയിൽ വണ്ടിയിലെ” എന്ന് തുടങ്ങുന്ന ഒരു തമിഴ് ഗാനവും ചേർത്ത് പൊലീസ് ഫെയസ്ബുക്കിൽ പങ്കുവെയ്ക്കുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് സമരം ചെയ്യുന്നവർക്ക് എതിരെയായിരുന്നു വർഗ്ഗീയ വിദ്വേഷം പരത്തിയുള്ള സംഘപരിവാർ പ്രവർത്തകനായ ശ്രീജിത്ത് രവീന്ദ്രന്‍റെ ഫെയ്സ്ബുക്ക് ലൈവ് വീഡിയോ. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. “ഡൽഹിയിൽ മിനിമം 50 ജിഹാദികളെങ്കിലും കൊല്ലപ്പെട്ടുവെന്ന വാർത്തയ്ക്കായി കാത്തിരിക്കുന്നു”. “അമിത് ഷാ നിരാശപ്പെടുത്തരുത്” എന്നായിരുന്നു ഇയാളുടെ ഒരു പോസ്റ്റ്. മതസ്പർദ്ധ വളർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. അതേസമയം ശ്രീജിത്ത് രവീന്ദ്രനെ അറസ്റ്റ് ചെയ്ത നടപടി ഏകപക്ഷീയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു.
പൊലീസിന്റെ നടപടി സ്വകാര്യതയ്ക്കുള്ള തന്റെ മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും 2011 ലെ കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചുകൊണ്ട് പരാതിക്കാരൻ വാദിച്ചു. തന്റെ ജാതിയും പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ ചായ്‌വ് കാരണം തന്നെ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവ്വമുള്ള പ്രവർത്തി ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്ന് പരാതിക്കാരൻ വാദിച്ചു. പൊലീസിൽ നിന്ന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ലൈവ് ലോ റിപ്പോർട്ട് ചെയ്തു.
ഹർജിയുമായി ബന്ധപ്പെട്ട് നേരത്തെ ജസ്റ്റിസ് പി.വി ആശ പൊലീസിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ബുധനാഴ്ച, കേസ് പരിഗണനയ്ക്കായി വന്നപ്പോൾ, ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചിരുന്നു.
Read more
അറസ്റ്റിലായ സമയത്ത് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വീഡിയോ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും, താൻ കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കുകയും പരിഹസിക്കുകയും ചെയ്തതായും ശ്രീജിത്ത് വാദിക്കുന്നു. “ഒരു നിയമ നിർവഹണ ഏജൻസി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലോ സമൂഹത്തിൽ നടക്കുന്ന പ്രത്യയശാസ്ത്ര സംവാദത്തിലോ പങ്കെടുക്കരുത്. പൊലീസ് സംവിധാനം നിഷ്പക്ഷമായിരിക്കുക മാത്രമല്ല, നിഷ്പക്ഷത പുലർത്തുകയും വേണം. ക്രമസമാധാന സംവിധാനത്തിൽ പൊതുജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്ന ഒരു പ്രവർത്തനത്തിലും പൊലീസ് ഏർപ്പെടരുത്. സോഷ്യൽ മീഡിയയിൽ കൂടുതൽ “കാഴ്ചകൾ”, “ലൈക്കുകൾ”, “ഷെയറുകൾ” എന്നിവയ്ക്കുള്ള മൽസരത്തിൽ കേരള പൊലീസിന് വസ്തുനിഷ്ഠത നഷ്ടപ്പെടുകയും, നിയമലംഘകരാകുകയും ചെയ്യരുത്,” റിട്ട് ഹർജിയിൽ പറയുന്നു. അഭിഭാഷകനായ അർജുൻ വേണുഗോപാൽ വഴിയാണ് ശ്രീജിത്ത് റിട്ട് ഹർജി സമർപ്പിച്ചത്. ഹർജി രണ്ട് മാസത്തിന് ശേഷം ആണ് പരിഗണിക്കുക.