വിവാദ യൂ ട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റ് രണ്ട് പ്രതികളും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമാണ് ഭാഗ്യലക്ഷ്മിയുടെയും മറ്റുള്ളവരുടെയും വാദം.
അതേസമയം ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയിലെടുക്കുമ്പോൾ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിച്ചിരുന്നു.
ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തന്റെ മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. മുൻകൂർ ജാമ്യാപേക്ഷ കളിൽ തീരുമാനമെടുക്കും വരെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.