ഉത്തരവ് നടപ്പാക്കിയില്ല; പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് എതിരെ കോടതിയലക്ഷ്യ ഹര്‍ജി; ദിവ്യ എസ്. അയ്യര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കോടതി ഉത്തരവ് പാലിക്കാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. അനധികൃതമായി നികത്തിയ പാടം പൂര്‍വസ്ഥിതിയില്‍ ആക്കാത്തത് സംബന്ധിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഡോ. ദിവ്യ എസ് അയ്യര്‍ക്കെതിരെയുള്ള നടപടി.

വയല്‍ നികത്തിയ സംഭവത്തില്‍ പുല്ലാട് സ്വദേശി വര്‍ഗീസ് സി മാത്യു അയല്‍വാസിയായ മാത്യുവിനെ എതിര്‍കക്ഷിയാക്കി ജൂണ്‍ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനധികൃതമായി വയല്‍ നികത്തിയത് കാരണം തന്റെ പുരയിടത്തില്‍ വെള്ളം കയറുന്നുവെന്നായിരുന്നു പരാതി. വെള്ളം കെട്ടി നില്‍ക്കുന്നത് കൃഷിനാശത്തിന് കാരണമായി തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഒപ്പം തന്നെ സ്ഥലം പൂര്‍വ സ്ഥിതിയില്‍ ആക്കാനുള്ള നടപടികള്‍ ഉണ്ടാകണം എന്നായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

Read more

കേസില്‍ വാദംകേട്ട ഹൈക്കോടതി ആറ് ആഴ്ചക്കുള്ളില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജൂലൈ 26ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കോടി ഉത്തരവില്‍ ജില്ലാ ഭരണകൂടവും കളക്ടറും ഒരു നടപടിയും സ്വീകരിച്ചില്ല. തുടര്‍ന്നാണ്വര്‍ഗീസ് കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നത്. ഉത്തരവ് നടപ്പിലാക്കാത്ത കളക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണ് ഉത്തരവിട്ടിരിക്കുന്നത്. ജനുവരി 31ന് മുമ്പ് കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.