കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ വന്ദന ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. പൊലീസ് കൊണ്ടുന്ന പ്രതിയാണ് ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. രൂക്ഷവിമർശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്.
സംഭവത്തിൽ എഡിജിപി റിപോർട്ട് സമർപ്പിച്ചു. ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു. അലസമായി വിഷയത്തെ സർക്കാർ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പൊലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്‍റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു.
പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു, അങ്ങനെയെങ്കിൽ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു.
ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്നും കോടതി ചോദിച്ചു, ചികിത്സക്കായി നിരവധി ആളുകളാണ് കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത് സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത് .എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക.വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.