പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത: ഏഷ്യാനെറ്റ് ന്യൂസിനെതിരെയെടുത്ത കേസിലെ തുടര്‍ നടപടികള്‍ താല്‍ക്കാലികമായി വിലക്കി ഹൈകോടതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് വ്യാജ വാര്‍ത്ത ചമച്ചതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനെതിരെയെടുത്ത കേസിലെ തുടര്‍ നടപടികള്‍ക്ക് ഹൈകോടതിയുടെ സ്റ്റേ. കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഇടക്കാല ഉത്തരവ്.

വാര്‍ത്തയെത്തുടര്‍ന്ന് പി.വി. അന്‍വര്‍ എം.എല്‍.എ ഡി.ജി.പിക്ക് നല്‍കിയ പരാതി വെള്ളയില്‍ പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പോക്‌സോ, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിരുന്നു. തുടര്‍ന്ന് കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ ഷാജഹാന്‍, റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, ഏഷ്യാനെറ്റ് ജീവനക്കാരിയായ പെണ്‍കുട്ടിയുടെ അമ്മ, വീഡിയോ എഡിറ്റര്‍ വിനീത് ജോസ്, കാമറാമാന്‍ വിപിന്‍ മുരളീധരന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ വി സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (പോക്‌സോ പ്രത്യേക കോടതി)യില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

പോക്‌സോ കേസില്‍ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് വീഡിയോ നിര്‍മിച്ചെന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഇലക്ട്രോണിക് രേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. പോക്‌സോ നിയമപ്രകാരവും കേസുണ്ട്.

ഏഷ്യാനെറ്റ് കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ സാനിയ മയോമി യഥാര്‍ഥ ഇരയുടെ അഭിമുഖം ചിത്രീകരിച്ചതായും മൊഴിയിലുണ്ട്. രണ്ടാമത് നിര്‍മിച്ച അഭിമുഖത്തില്‍ യഥാര്‍ഥ ഇരയ്ക്കുപകരം മറ്റൊരു കുട്ടിയെ ചിത്രീകരിച്ചതാണ് കേസിനാധാരം.

Read more

ഏഷ്യാനെറ്റിന്റെ കോഴിക്കോട് ബ്യൂറോയില്‍നിന്നാണ് വാര്‍ത്ത ചിത്രീകരിച്ചതെന്നും ജീവനക്കാരിയുടെ മകളെ ഇതിനായി ഉപയോഗിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഫോറന്‍സിക് ലാബിലെ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇത് തെളിയിച്ചത്. ചിത്രീകരണ ദിവസങ്ങളില്‍ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫും റസിഡന്റ് എഡിറ്റര്‍ ഷാജഹാനും കോഴിക്കോട് ഉണ്ടായിരുന്നതായും ഫോണിന്റെ സിഡിആര്‍ പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ട്.