അരിക്കൊമ്പൻ വിഷയത്തിൽ അന്വേഷണവുമായി കേരളാ ഹൈക്കോടതി. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരിച്ചെത്തുമോ എന്നാണ് കോടതി ചോദിച്ചത്. ഭക്ഷണവും വെള്ളവും തേടി ആന തിരികെ വരാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ കോടതി, വനം വകുപ്പിനോട് നിരീക്ഷണം ശക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ റേഡിയോ കോളർ വഴി സിഗ്നലുകൾ ലഭിക്കുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും, നിലവിൽ ആനയുടെ സഞ്ചാരം തമിഴ്നാട് വനാതിർത്തി വഴിയാണെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി.എസ്. ഈസ പറഞ്ഞിരുന്നു.
ഇടുക്കി ചിന്നക്കനാലിൽ ഭീതി വിതച്ച കാട്ടാന അരിക്കൊമ്പനെ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ചാണ് പിടികൂടിയത്. പിന്നീട് പെരിയാർ കടുവസങ്കേതത്തിലെത്തിച്ച് തുറന്നുവിടുകയായിരുന്നു. വിജയകരമായി കൃത്യം മിഷൻ പൂർത്തിയാക്കിയ ദൗത്യ സംഘത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.