കേരളത്തില്‍ എവിടെയും മാസപ്പിറവി ദൃശ്യമായതായി വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏപ്രില്‍ 22 ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാളെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇതോടെ നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കിയാവും വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുക.
വൈകുന്നേരത്തോടെ കാപ്പാട് കടപ്പുറത്തും കടലുണ്ടിയിലും അടക്കം വിവിധ ഖാസിമാരുടെ പ്രതിനിധികള്‍ ശവ്വാല്‍ മാസപ്പിറവി കാണാനെത്തിയിരുന്നു. എന്നാല്‍ 7.45 വരെ കാത്തിരുന്നിട്ടും മാസപ്പിറ കാണാതിരുന്നതോടെയാണ് ചെറിയ പെരുന്നാള്‍ മറ്റന്നാളായിരിക്കുമെന്ന് ഖാസിമാര്‍ തീരുമാനിച്ചത്.
അഞ്ച് വെള്ളിയാഴ്ചകള്‍ വന്ന റമദാന്‍ മാസം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. അതേസമയം ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഏപ്രില്‍ 22നും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.