'കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിൽ'; മദ്യനിർമ്മാണ ശാലയ്ക്ക് സിപിഐ കൂട്ടുനിൽക്കുമെന്ന് കരുതിയില്ല: കെസി വേണുഗോപാൽ

മദ്യനിർമ്മാണ ശാലയ്ക്ക് സിപിഐ കൂട്ടുനിൽക്കുമെന്ന് കരുതിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. സിപിഐയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുമെന്ന മന്ത്രിയുടെ പ്രതികരണത്തിൻ്റെ അർത്ഥം ലഭിച്ച ഡീലിന്റെ ഷെയർ നൽകും എന്നാണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു. സർക്കാരിനെതിരെയും കെ സി വേണുഗോപാൽ വിമർശനം ഉന്നയിച്ചു.

മദ്യഷാപ്പുകൾ പൂട്ടി സ്കൂളുകൾ തുറക്കും എന്നാണ് എൽഡിഎഫ് അധികാരത്തിലെത്തും മുൻപ് പറഞ്ഞതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. എന്നാൽ ഷാപ്പുകളുടെ എണ്ണം സർവകാല റെക്കോർഡിലാണ് എത്തിയിരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഇടയിലാണ് ഇന്ന് കേരളം. ഇതിൽ തടയിടാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി.

അതേസമയം കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് പാർട്ടിയെയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള നടപടികൾ നടക്കുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ഹൈക്കമാൻ്റ് എന്തെങ്കിലും തീരുമാനമെടുക്കുന്നെങ്കിൽ അതിനെല്ലാം വ്യവസ്ഥാപിതമായ മാർഗമുണ്ട്. അത് അനുസരിച്ച് കാര്യങ്ങൾ നടക്കും. അല്ലാതെ പൊതുചർച്ച നടത്തിയല്ല തീരുമാനമെടുക്കുകയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Read more