വിലക്കയറ്റം പിടിച്ചു നിർത്തുന്ന കാര്യത്തിൽ കേരളമാണ് ഒന്നാം സ്ഥാനതെന്ന് പറയുകയാണ് മന്ത്രി കെ.എൻ. ബാലഗോപാൽ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ജനങ്ങളുടെ ഒരു ആവശ്യത്തിനും സർക്കാർ മുടക്ക് പറയില്ലെന്നും ക്ലിഫ് ഹൗസിലെ കുളത്തിൽ കയറാൻ ആഗ്രഹിക്കുന്നവർ ബർമുഡയിട്ട് മറ്റു കുളങ്ങൾ അന്വേഷിച്ചാൽ മതിയെന്നും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ നജീബ് കാന്തപുരത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
ക്ലിഫ് ഹൗസിലെ കുളത്തിൽ ജനങ്ങൾ നീന്തിക്കുളിക്കുന്ന സ്ഥിതിയുണ്ടായാൽ അത് നാണക്കേടാണെന്ന് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകിയ നജീബ് കാന്തപുരം പറഞ്ഞിരുന്നു. ശ്രീലങ്കയിലെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാണിച്ച് നജീബ് പരിഹസിച്ചപ്പോൾ അങ്ങനെ ആഗ്രഹമുള്ളവർക്ക് ബർമൂഡയിട്ട് മറ്റ് കുളങ്ങൾ അന്വേഷിക്കാമെന്നും ക്ലിഫ് ഹോക്‌സിലെ കുളം നോക്കേണ്ടെന്നും മന്ത്രി തിരിച്ചടിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായമുള്ളതിനാലാണെന്ന കെ. സുരേന്ദ്രന്റെ അഭിപ്രായത്തെയും മന്ത്രി എതിർത്തു. ഉത്തരവാദിത്വം ഉള്ള സ്ഥാനത്തിരിക്കുമ്പോൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ പറയുന്നത് തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന ഈ ഘട്ടത്തിലും ഇങ്ങനെയൊക്കെ പറയാനും ചില്ലറ ധൈര്യം പോരായെന്നും മന്ത്രി തിരിച്ചടിച്ചു.