ഓര്‍ഡര്‍ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും മരുന്നുകള്‍ എത്തുന്നില്ല; സംസ്ഥാനത്തെ ജന്‍ഔഷധി സ്‌റ്റോറുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍

പ്രധാനമന്ത്രി ജന്‍ഔഷധി മരുന്ന് സ്‌റ്റോറുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍. ആവശ്യത്തിന് മരുന്ന് ലഭിക്കാത്തതിനാല്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്‌റ്റോറുകള്‍ തുടങ്ങിയവരില്‍ പലരും ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ തയാറെടുക്കുകയാണ്. കൊച്ചിയിലെ മൊത്തവിതരണക്കാരാണ് ജന്‍ഔഷധി മരുന്ന് സ്‌റ്റോറുകളിലേക്ക് മരുന്നുകള്‍ എത്തിക്കുന്നത്. ഓര്‍ഡര്‍ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും മരുന്നുകള്‍ എത്തുന്നില്ലെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. കുറഞ്ഞ വിലയില്‍ ജന്റിക് മരുന്നുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംസ്ഥാനത്തെ എല്ലാ സ്‌റ്റേറുകളും ഇപ്പോള്‍ പ്രതിസന്ധിയിലാണ്.

സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറുകളെ അപേക്ഷിച്ച് എല്ലാ മരുന്നുകള്‍ക്കും പകുതിയില്‍ താഴെ വില മാത്രമേ ജന്‍ഔഷധിയിലുള്ളൂ. ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്ന സ്‌റ്റോറില്‍ മരുന്നുകള്‍ എത്തിക്കാതിരിക്കുന്നതിലൂടെ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പ്രമേഹമുക്തിക്കുള്ള പയോസിസ് 30 മില്ലിഗ്രാം 30 എണ്ണത്തിന് സാധാരണ മെഡിക്കല്‍ സ്‌റ്റോറുകളില്‍ 70 രൂപ ഈടാക്കുമ്പോള്‍ ജന്‍ഔഷധിയിലെ വില 29.13 രൂപ മാത്രമാണ്. ഇതേ അസുഖത്തിനുള്ള ഡെല്‍പാറ്റ് 75 മില്ലിഗ്രാം 30 എണ്ണത്തിന് ജന്‍ഔഷധിയില്‍ 39.84 രൂപ ഉള്ളപ്പോള്‍ പുറത്ത് 135.82 രൂപ നല്‍കേണ്ടിവരുന്നു.

30 എണ്ണത്തിന് 242.42 രൂപ ഈടാക്കുന്ന റാസോ 20 മില്ലിഗ്രാം മരുന്നിന് ജന്‍ഔഷധിയില്‍ 23 രൂപ നല്‍കിയാല്‍ മതി. കൊളസ്‌ട്രോളിനുള്ള അസ്‌റ്റോര്‍വാസ് 10 മില്ലിഗ്രാം 30 എണ്ണത്തിന് 190.46 രൂപ നല്‍കേണ്ടി വരുമ്പോള്‍ ജന്‍ഔഷധിയില്‍ 19.92 രൂപയാണ്. ചുമയ്ക്കുള്ള കഫ് സിറപ്പ് 27 രൂപക്കും പനിക്കുള്ള പാരസെറ്റമോള്‍ ഗുളിക 10 എണ്ണം ആറുരൂപക്കും പനിക്കും ശരീരവേദനക്കുമുള്ള ഐബുപ്രോഫെന്‍ പത്തെണ്ണത്തിന് 14 രൂപയും പത്ത് അനാള്‍ജെസിക് ഗുളികകള്‍ക്ക് എട്ടു രൂപക്കും ലഭിക്കും. വൈറ്റമിന്‍ ഗുളികകള്‍ക്ക് രണ്ടു രൂപ മുതലാണ് ജന്‍ഔഷധിയിലെ വില.

I