ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കുതിര കയറാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് യൂണിയന്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെല്ലാം അമേരിക്കന്‍ ഫണ്ട് കൈപ്പറ്റുന്നവര്‍ ആണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവന അപവാദ രാഷ്ട്രീയത്തിന്റെ പുതിയ ഉദാഹരണമാണ്. മാധ്യമപ്രവര്‍ത്തകരെ താറടിച്ചു കാണിക്കാനുള്ള ഈ നീക്കത്തില്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് പറഞ്ഞ ഫണ്ട് ആരാണ് കൈപ്പറ്റിയതെന്ന് ട്രമ്പ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിന് മാധ്യമങ്ങളെ പഴി ചാരാന്‍ ശ്രമിക്കേണ്ട. പഠനയാത്രകള്‍ക്കും പരിപാടികള്‍ക്കുമായി ഫണ്ടുകള്‍ കൈപ്പറ്റുന്നവര്‍ എല്ലാ വിഭാഗങ്ങളിലുമുണ്ട്. അതിനെയെല്ലാം രാജ്യത്തെ അട്ടിമറിക്കാനുള്ള ഫണ്ടായി ചിത്രീകരിച്ചാല്‍ സ്വന്തം പക്ഷത്തും ക്ഷതമേറ്റേക്കാം എന്ന് സുരേന്ദ്രന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
Read more
ആര്‍ജവം ഉണ്ടെങ്കില്‍, കുഴപ്പം പിടിച്ച ഫണ്ട് ആരെങ്കിലും കൈപ്പറ്റുന്നതായി അറിയുമെങ്കില്‍ ആ പേരുകള്‍ സുരേന്ദ്രന്‍ വെളിപ്പെടുത്തട്ടെ. അല്ലാതെ കഥകള്‍ കെട്ടിച്ചമച്ചു മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ലോകത്ത് കൊലയ്ക്ക് കൊടുക്കാനുള്ള ശ്രമം ജനാധിപത്യ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പറഞ്ഞു.