ഭക്ഷ്യസുരക്ഷാനിയമം പാലിക്കുന്നതില്‍ കേരളം വന്‍വീഴ്ചവരുത്തിയതായി സി.എ.ജിയുടെ റിപ്പോര്‍ട്ട്. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കല്‍, ലൈസന്‍സും രജിസ്‌ട്രേഷനും നല്‍കല്‍, പരിശോധന, സാംപിള്‍ ശേഖരണം, ഭക്ഷ്യവിശകലനം, നിരീക്ഷണം, എന്നിവയില്‍ വിവിധഘട്ടങ്ങളില്‍ അപാകം നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
2016-2021 കാലത്തെ ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടില്ല. രജിസ്‌ട്രേഷനുള്ള കാറ്ററിങ് സ്ഥാപനങ്ങളുള്‍പ്പടെ വര്‍ഷം തോറും പരിശോധന നടത്തണമെന്ന വ്യവസ്ഥ വകുപ്പ് പാലിച്ചിട്ടില്ല.
ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ കാലയളവ് നിര്‍ദേശിക്കാത്തത് ഭക്ഷ്യ സുരക്ഷ വരുത്തിയ പ്രധാന വീഴ്ചയാണ്. കൂടാതെ ശബരിമല വഴിപാടുകള്‍ ഉള്‍പ്പടെ പരിശോധന നടത്താതെയാണ് തൃപ്തികരം എന്നു രേഖപ്പെടുത്തുന്നത്. ഈടാക്കിയ പിഴ പിടിച്ചെടുക്കുന്നതിലും വകുപ്പ് വീഴ്ച വരുത്തിയിട്ടുണ്ടെന്ന് റിപ്പോട്ടില്‍ വിമര്‍ശനമുണ്ട്.
അതിനിടെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി പ്രത്യേക ദൗത്യസംഘം രൂപവത്കരിച്ചു. ഭക്ഷ്യവിഷബാധപോലുള്ള അടിയന്തര ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാനും മായംചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ എത്തുംമുമ്പ് തടയാനുമാണ് സംഘം രൂപവത്കരിച്ചത്.
ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണ് പ്രത്യേക ദൗത്യസേനയിലുള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.