കേരള നിയമസഭ രാജ്യത്തിനു മാതൃകയാണെന്നു നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. നിയമ നിര്‍മാണമാണ് നിയമസഭാ സാമാജികന്റെ ജോലി. ഒരു നിയമം നിര്‍മിക്കുമ്പോള്‍ എല്ലാ വശങ്ങളും പരിശോധിച്ച് അത് പാസാക്കേണ്ട ഉത്തരവാദിത്തമാണ് ഓരോ സാമാജികനുമുള്ളത്.
പാര്‍ലമെന്റില്‍പ്പോലും ഭൂരിപക്ഷാഭിപ്രായത്തിനനുസരിച്ചാണ് നിയമങ്ങള്‍ പാസാക്കുന്നത്. അവിടെ ചര്‍ച്ചകള്‍ക്കോ സൂക്ഷ്മ പരിശോധനയ്‌ക്കോ ഇടമില്ല. എന്നാല്‍ എല്ലാവരുടേയും അഭിപ്രായങ്ങള്‍ കേട്ടാണ് കേരള നിയമസഭ നിയമം പാസാക്കുന്നത്. അതാണ് കേരള നിയമസഭയുടെ പ്രത്യേകതയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
മാതൃകാ നിയമസഭയിലെ സാമാജികരായി എത്തിയ വിദ്യാര്‍ഥികള്‍ എല്ലാ കാര്യങ്ങളും സൂക്ഷ്മതലത്തില്‍ കണ്ട് പഠിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളാണ് മാതൃകാ നിയമസഭയില്‍ പങ്കെടുത്തത്.
നിയമസഭയുടെ മാതൃകയില്‍ കുട്ടികള്‍ ഭരണപക്ഷവും പ്രതിപക്ഷവുമായി രണ്ട് ഭാഗത്തായി ഇരുന്ന് സ്പീക്കറുടെ അധ്യക്ഷതയിലാണു മാതൃകാ സഭ നടത്തിയത്.