മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസ് വിവാദത്തില്‍ വിശദീകരണവുമായി ലോകായുക്ത. വിധിക്കെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ലോകായുക്ത രംഗത്തെത്തിയിരിക്കുന്നത്. ഭിന്ന വിധി ആക്ഷേപത്തില്‍ കഴമ്പില്ലെന്ന് ലോകായുക്ത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദമാക്കി. അസാധാരണ വാര്‍ത്താക്കുറിപ്പ് ഇറക്കിയാണ് വിശദീകരണം. വ്യത്യസ്ത ഉത്തരവ് വായിക്കണമെന്ന് നിര്‍ബന്ധമില്ല. വിധി വിശദീകരിക്കാന്‍ നിയമപരമായി ബാദ്ധ്യതയില്ലെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ ലോകായുക്ത ന്യായീകരിക്കുന്നത്.
മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെയും ലോകായുക്ത ന്യായീകരിക്കുന്നുണ്ട്. വ്യക്തി വിളിച്ച വിരുന്നിലല്ല മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്. വിരുന്നില്‍ പങ്കെടുത്താല്‍ അനൂകൂല വിധിയെന്ന ചിന്ത അധമമാണ്. പരാതിക്കാരനെതിരായ പേപ്പട്ടി പരാമര്‍ശം കുപ്രചാരണമാണ്. പരാതിക്കാരും കൂട്ടാളികളും സമൂഹ മാധ്യമത്തിലടക്കം ജഡ്ജിമാരെ അവഹേളിച്ചു. കക്ഷികളുടെ ആഗ്രഹവും താത്പര്യവും അനുസരിച്ച് ഉത്തരവിടാന്‍ കിട്ടില്ലെന്നും ലോകായുക്ത പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദമാക്കുന്നു.
വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നത് കണ്ടാല്‍ ആരും വായില്‍ കോലിടില്ലെന്നാണ് പറഞ്ഞത്. പരാതിക്കാരന്റെ ശിരസില്‍ ആ തൊപ്പി വെച്ചത് സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്നാണ്. കക്ഷികളുടെ ആഗ്രഹത്തിന് അനുസരിച്ച് ഉത്തരവിടാന്‍ ജഡ്ജിമാരെ കിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പ് പറയുന്നു. വാര്‍ത്താക്കുറിപ്പ് ഇറക്കുന്നത് ലോകായുക്ത ചരിത്രത്തില്‍ ആദ്യമാണ്.എന്നാല്‍, വീഴ്ച മറച്ചുവെയ്ക്കാനുള്ള ശ്രമമാണ് ലോകായുക്തയുടേതെന്ന് പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ പറഞ്ഞു. ന്യായാധിപന്‍ സംസാരിക്കേണ്ടത് വിധിയിലൂടെയെന്ന് ആര്‍.എസ് ശശികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.