മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചെന്ന പേരില്‍ രണ്ട് വിദ്യാര്ത്ഥികള്ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവം പൊലീസ് കെട്ടിച്ചമച്ചതെന്ന് അറസ്റ്റിലായ താഹയുടെ സഹോദരന്‍. വീട്ടില്‍ റെയിഡിന് വരുന്നതിനു മുമ്പേ യുഎപിഎ ചുമത്തിയിരുന്നുവെന്നും സഹോദരന്‍ ആരോപിക്കുന്നു. തങ്ങളുടേത് പാര്‍ട്ടി കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത് ഇങ്ങനെയാണ്. മൂന്നാളുകള്‍ സിഗരറ്റ് വലിച്ചിരിക്കുമ്പോള്‍ പൊലീസ് അടുത്തേയ്ക്ക് വന്നു. മൂന്നുപേരെയും വിളിച്ചപ്പോള്‍ ഒരാള്‍ ഓടി. ഓടിയയാളുടെ ബാഗ് നിലത്തുവീണു. അതില്‍ നിന്ന് മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖ കണ്ടെത്തിയെന്നാണ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടിലേക്ക് വന്നത്. ഓടി രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടായിട്ടും താഹ അത് ചെയ്തില്ലെന്നും സഹോദരന്‍ പറഞ്ഞു.
കേസില്‍ പ്രതിചേര്‍ക്കണം എന്ന താത്പര്യം പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍ വച്ച് താഹയെ മര്‍ദിച്ചിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനേയും കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇരുവരും സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്തുവെന്നും കൈവശം സൂക്ഷിച്ചെന്നുമാണ് പൊലീസ് പറയുന്നത്.