രാജ്യം കടക്കെണിയില്‍; കര്‍ഷകരക്ഷ കടലാസില്‍; കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ സമ്മര്‍ദ്ദം വേണം; ജനങ്ങള്‍ സംഘടിച്ച് കേന്ദ്ര സര്‍ക്കാരിനെ തിരുത്തണമെന്ന് ധനമന്ത്രി

പാര്‍ലമെന്റില്‍ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത കക്ഷിയായി മാറിയ ബിജെപി നേതൃത്വം നല്‍കുന്ന പുതിയ സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങള്‍ പ്രതിഫലിക്കുന്ന പ്രഖ്യാപനങ്ങള്‍ ജനം പ്രതീക്ഷിച്ചിരുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. എന്നാല്‍, കേന്ദ്ര ബജറ്റ് പൂര്‍ണമായും നിരാശാജനകമാണ്. ഇക്കാര്യം കേരള സര്‍ക്കാര്‍ ആദ്യംതന്നെ ചൂണ്ടിക്കാട്ടി. ബജറ്റിലെ കേരള വിരുദ്ധതയും ചൂണ്ടിക്കാട്ടി. പിന്നീട് രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും പ്രതിഷേധം ഉയരുന്നതാണ് കാണാനാകുന്നത്.

രാജ്യത്തിന്റെ ഭാവിയും വികസനവും ജനപുരോഗതിയും ലക്ഷ്യമിടേണ്ട ബജറ്റ് മോദി സര്‍ക്കാരിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നു. പ്രധാനമന്ത്രിക്കസേര സംരക്ഷിക്കാന്‍ കേന്ദ്ര ധനവിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ് ബജറ്റില്‍ കണ്ടത്. പ്രതിപക്ഷ സംസ്ഥാനങ്ങളെയാകെ അവഗണിച്ചു. തെക്കേന്ത്യന്‍ സംസ്ഥാനങ്ങളെ പാടേ മറന്നു. ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതിനു പകരമായിട്ടാകണം കേരളത്തിന്റെ അക്കൗണ്ടുതന്നെ പൂട്ടുന്ന സമീപനം ബിജെപി സ്വീകരിച്ചത്.

ബജറ്റ് കണക്കുകളുടെ വിശദാംശങ്ങളൊക്കെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്കുള്ള ആകെ കേന്ദ്ര ധനക്കൈമാറ്റത്തിനായുള്ള വകയിരുത്തലിലെ വര്‍ധന 49,394 കോടി രൂപമാത്രമാണ്. എന്നാല്‍, ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളിലൂടെ ബിഹാറിനും ആന്ധ്രപ്രദേശിനും രണ്ടു ലക്ഷം കോടിയോളം രൂപയാണ് അധികമായി നല്‍കുന്നത്. കേന്ദ്രഭരണം നിലനിര്‍ത്തുന്ന രണ്ട് പ്രാദേശിക കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ഇത്തരത്തില്‍ വാരിക്കോരി നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര ഭരണകക്ഷിതന്നെ ഭരിക്കുന്ന ഒഡിഷയ്ക്കും ടൂറിസത്തിന്റെ ക്ഷേത്ര നഗരികളുടെയും ബീച്ചുകളുടെയും നവീകരണത്തിന്റെ പേരില്‍ വലിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ഒപ്പം ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും സഹായങ്ങള്‍ ലഭിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഉണ്ടായിട്ടില്ലാത്ത സ്വജനപക്ഷപാതിത്വമാണ് പ്രകടമായത്. നികുതിയിലൂടെയും ഭരണഘടന അംഗീകരിച്ച മറ്റ് ധനാഗമന മാര്‍ഗങ്ങളിലൂടെയും രാജ്യത്താകെനിന്നും സമാഹരിക്കുന്നതാണ് കണ്‍സോളിഡേറ്റഡ് ഫണ്ട്. ഇത് ചില സംസ്ഥാനങ്ങള്‍ക്കുമാത്രമായി വിനിയോഗിക്കപ്പെടുന്നത് ഫെഡറലിസത്തിന് വലിയ ആഘാതം വരുത്തിവയ്ക്കുന്ന തീരുമാനമാണ്.

സംസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടി

ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും സഹായിക്കുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്വം നിറവേറ്റുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ഭക്ഷണവും വെള്ളവും വെളിച്ചവും പാര്‍പ്പിടവുമടക്കം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. പ്രകൃതി ദുരന്തങ്ങളില്‍ ആശ്വാസമേകേണ്ട ചുമതലയും സംസ്ഥാനം നിര്‍വഹിക്കുന്നു. ഇതൊക്കെ കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വലിയ ഭാരം പേറേണ്ടിവരുന്നു. അങ്ങനെയുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ധനസ്ഥിതി മോശമാകാതെ നോക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തികഞ്ഞ പക്ഷപാതിത്വ നിലപാടാണ് സ്വീകരിക്കുന്നത്.
കേരളം മുന്നോട്ടുവച്ച പ്രധാന ആവശ്യമായിരുന്നു 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്. ബിഹാറിനും ആന്ധ്രയ്ക്കും ഒഡിഷയ്ക്കുമൊക്കെ ചില വികസന പദ്ധതികളുടെ പേരില്‍ പണം വാരിക്കോരി നല്‍കി. എന്നാല്‍, ഭരണഘടനാപരമായി അര്‍ഹതപ്പെട്ട വായ്പ എടുക്കുന്നതില്‍ നടത്തിയ അനാവശ്യമായ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍മൂലവും അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കാത്തതുമൂലവും ആകെ നഷ്ടപ്പെട്ടതിന്റെ ചെറിയൊരു ഭാഗമാണ് നഷ്ടപരിഹാര പാക്കേജായി നമ്മള്‍ ആവശ്യപ്പെട്ടത്. ഒരു രൂപപോലും അനുവദിക്കാന്‍ തയ്യാറായില്ല.

രാജ്യത്തിന് സാമ്പത്തിക തണലാകേണ്ട ബൃഹത് പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്ന തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ വിഴിഞ്ഞത്തിനു ചുറ്റുമായി വലിയ നിക്ഷേപം ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ച് സംസ്ഥാനം സമര്‍പ്പിച്ച 5000 കോടി രൂപയുടെ ‘വിസില്‍ പാക്കേജ് പദ്ധതി’യും അവഗണിച്ചു.
ലോകോത്തര നിലവാരത്തിലുള്ളതാണ് കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യമെന്ന് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വിവിധ ഏജന്‍സികള്‍ അംഗീകരിക്കുന്നു. എല്ലാ ആരോഗ്യസൂചകങ്ങളിലും രാജ്യത്ത് കേരളംതന്നെയാണ് മുന്നില്‍. ചികിത്സ, ആരോഗ്യശാസ്ത്ര ഗവേഷണ മേഖലയില്‍ വലിയ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയുന്ന മികവുറ്റ നിരവധി ആരോഗ്യ സ്ഥാപനങ്ങളും നമുക്കുണ്ട്. എന്നിട്ടും പത്തുവര്‍ഷത്തിലേറെയായി കേരളം കാത്തിരിക്കുന്ന എയിംസ് പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല. കേന്ദ്ര ധനമന്ത്രി വിളിച്ചുചേര്‍ത്ത പ്രീ ബജറ്റ് ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവച്ച ഒരാവശ്യവും പരിഗണിക്കപ്പെട്ടില്ല.
സാധാരണക്കാരന് ഒന്നുമില്ല

വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിങ്ങനെ മൂന്നിനം സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്കാണ് 200 മുതല്‍ 500 രൂപവരെ കേന്ദ്ര സര്‍ക്കാര്‍ വിഹിതമുള്ളത്. ഇത് വര്‍ധിപ്പിക്കണമെന്ന ആവശ്യം ചെവിക്കൊണ്ടിട്ടില്ല. ഇതിനായുള്ള നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിനുള്ള ബജറ്റ് വകയിരുത്തലില്‍ ഒരുരൂപപോലും വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞവര്‍ഷങ്ങളിലെ അതേ തുക വെറും 9652 കോടി രൂപമാത്രമാണ് ഇത്തവണയുമുള്ളത്. എന്നാല്‍, കേരളം ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 11,000 കോടി രൂപ പ്രതിവര്‍ഷം ചെലവിടുന്നുണ്ട്. കേന്ദ്ര ബജറ്റില്‍, ഭക്ഷ്യ സബ്സിഡിയില്‍ 2022- 23നെ അപേക്ഷിച്ച് 67,552 കോടി രൂപയുടെ വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളത്. സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണത്തിനുള്ള പിഎം പോഷന്‍ പദ്ധതിക്ക് 214 കോടി രൂപ കുറച്ചാണ് വകയിരുത്തല്‍.
പാര്‍പ്പിട പദ്ധതി പിഎംഎവൈ (അര്‍ബന്‍) അടങ്കലിലും 1518 കോടി കുറഞ്ഞു. റൂറല്‍ പദ്ധതിയില്‍ 9538 കോടിയും കുറച്ചു. രണ്ടിലുംകൂടി 11,056 കോടി രൂപയാണ് വെട്ടിക്കുറച്ചത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 2022–23നെ അപേക്ഷിച്ച് 4806 കോടി രൂപ കുറഞ്ഞു. ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെ ഓണറേറിയം ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. പരമ്പരാഗത തൊഴില്‍മേഖലകളുടെ നവീകരണത്തിനും തൊഴില്‍ദിനങ്ങളുടെയും വരുമാനത്തിന്റെയും വര്‍ധനയ്ക്കും ഉതകുന്ന നിര്‍ദേശമൊന്നുമുണ്ടായില്ല. ഇന്ധന സബ്സിഡിയിലും വലിയ വെട്ടിക്കുറവ് വരുത്തി.

കര്‍ഷകരക്ഷ കടലാസില്‍

കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരിന് പ്രതികാര മനോഭാവം മാത്രമാണുള്ളതെന്ന് തെളിയിക്കുന്നതാണ് ബജറ്റ് നിര്‍ദേശങ്ങള്‍. കാര്‍ഷിക മേഖലയ്ക്കുള്ള നീക്കിയിരിപ്പ് 1,22,529 കോടി രൂപയാണ്. 2020–21ല്‍ ഇത് 1,34,400 കോടി രൂപയായിരുന്നു. 12,000 കോടിയോളം രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. 2022–23നെ അപേക്ഷിച്ച് ഈവര്‍ഷം രാസവള സബ്സിഡിയില്‍ 8739 കോടി രൂപയുടെ കുറവുണ്ട്. യൂറിയ സബ്സിഡിയില്‍ 46,217 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തി. റബറിന്റെ താങ്ങുവില ഉയര്‍ത്താന്‍ കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. അതുമുണ്ടായില്ല. കര്‍ഷകരെ പാടേ മറന്ന്, കൃഷിയെ പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്ക് പതിച്ചുകൊടുക്കാനുള്ള നിര്‍ദേശങ്ങളാണ് ബജറ്റില്‍ മുഴച്ചുനില്‍ക്കുന്നത്.
സാധാരണക്കാരെയും അവശരെയും കര്‍ഷകരെയും അവഗണിച്ച ബജറ്റ് കോര്‍പറേറ്റുകള്‍ക്ക് വീണ്ടും കൈയയച്ച് സഹായം ഉറപ്പാക്കി. കോര്‍പറേറ്റ് നികുതി 40 ശതമാനത്തില്‍നിന്ന് 35 ശതമാനമാക്കി കുറച്ചു. ജീവിത ചെലവിന്റെ ഉയര്‍ച്ചയ്ക്ക് അനുസരിച്ചുള്ള അധിക ഇളവ് ആദായനികുതിയില്‍ നല്‍കാതെ സ്ഥിരം വരുമാനക്കാരെയും കബളിപ്പിച്ചു.
തൊഴിലവസരങ്ങളെക്കുറിച്ച് ബജറ്റ് പ്രസംഗത്തില്‍ വലിയ വിവരണമാണ് നടത്തിയത്. അഞ്ചുവര്‍ഷത്തില്‍ 4.1 കോടി യുവജനങ്ങള്‍ക്ക് ജോലി നല്‍കുമെന്നാണ് അവകാശവാദം. ഇതിനായുള്ള ഒരു പദ്ധതി നിര്‍ദേശവുമില്ല. പ്രധാനമന്ത്രിയുടെ തൊഴിലവസരമൊരുക്കല്‍ പദ്ധതിയുടെ അടങ്കല്‍ കഴിഞ്ഞവര്‍ഷത്തെ 2958 കോടിയില്‍നിന്ന് ഇത്തവണ 2300 കോടിയായി കുറയ്ക്കുകയായിരുന്നു. എന്നിട്ടാണ് തൊഴിലവസരം ഉയര്‍ത്തുമെന്ന് അവകാശപ്പെടുന്നത്. അഞ്ചുവര്‍ഷത്തില്‍ 20 ലക്ഷം യുവജനങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കിയാല്‍ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്ന മിഥ്യാധാരണ സൃഷ്ടിക്കാണ് ശ്രമം.

രാജ്യം കടക്കെണിയില്‍

Read more

ധനദൃഢീകരണ ന്യായം പറഞ്ഞ് സംസ്ഥാനങ്ങള്‍ അര്‍ഹതപ്പെട്ട വായ്പ എടുക്കുന്നതുപോലും നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ധനവിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇത്തവണ കേന്ദ്ര ബജറ്റിന്റെ ആകെ അടങ്കല്‍ 48.21 ലക്ഷം കോടിയാണ്. അതില്‍ 16.13 ലക്ഷം കോടി രൂപ കടമായി കണ്ടെത്തുകയാണ്. അതായത് മൊത്തം വരുമാനത്തിന്റെ 33.5 ശതമാനം കടമാണ്. അതില്‍ 14,72,915 കോടി രൂപ വിപണി വായ്പയാണ്. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തെ പലിശ ചെലവാകട്ടെ 11,62,940 കോടി രൂപയും. ഏതാണ്ട് 24 ശതമാനം. ഈ യാഥാര്‍ഥ്യങ്ങളെ മറച്ചുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകില്ല. കേരളത്തിനുള്ള കേന്ദ്ര വിഹിതങ്ങള്‍ വര്‍ഷംതോറും വലിയ തോതില്‍ കുറയുന്നതായി ബജറ്റ് രേഖകള്‍ സംശയരഹിതമായി ബോധ്യപ്പെടുത്തുന്നു. കേരളത്തിനു മാത്രമാണ് ഇത്തരത്തില്‍ കുറവ് വരുന്നത്. രണ്ടു കാര്യമാണ് കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നത്. ഒന്ന്: വല്ലാത്ത അപകടാവസ്ഥയിലേക്കാണ് രാജ്യത്തിന്റെ പോക്ക്. രണ്ട്: കേരളത്തിന്റെ അര്‍ഹമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായാലേ കഴിയൂ. ജനങ്ങളുടെ സംഘടിത ശക്തിയിലൂടെ മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ ഈ തെറ്റായ നയങ്ങളെ തിരുത്താനാകൂ. അതാണ് നമ്മുടെ മുന്നിലുള്ള പ്രഥമ കടമയെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.