സംസ്ഥാനത്തെ ലോക്ക്ഡൗൺ ചട്ടങ്ങൾ അടിമുടി മാറുന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനിമുതൽ ഞായറാഴ്ച മാത്രമാകും ലാേക്ക്ഡൗൺ ഉണ്ടാവുക. രോഗവ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളിൽ എല്ലാ കടകളും തുറക്കാൻ അനുമതിയുണ്ട്. ഇവിടങ്ങളിൽ തിങ്കൾ മുതൽ ശനി വരെ കടകൾ രാവിലെ ഏഴുമണി മുതൽ ഒമ്പതു മണി വരെ തുറക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങളുകളിലും പരമാവധി ഇരുപതു പേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ
ടിപിആർ അടിസ്ഥാനപ്പെടുത്തിയുള്ള ലോക്ക്ഡൗൺ രീതി മാറ്റി ആയിരത്തിൽ എത്ര പേർക്കാണ് രോഗം എന്നത് കണക്കിലെടുത്തിട്ടാകും ഇനി നിയന്ത്രണങ്ങളുണ്ടാവുക. 1000-ത്തിൽ പത്ത് രോഗികളിൽ കൂടുതൽ ഒരാഴ്ച ഉണ്ടായാൽ ആ പ്രദേശം ട്രിപ്പിൾ ലോക്ക് ഡൗണിലാകും. അതല്ലാത്ത ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകുക. ഇവിടെ കടകൾക്ക് ആറ് ദിവസം തുറക്കാം. കടകളുടെ പ്രവർത്തനസമയം രാവിലെ 7 മണി മുതൽ 9 മണി വരെയാക്കി. ഓണം അവിട്ടം ദിനവും സ്വാതന്ത്ര്യദിനവും ഞായറാഴ്ചയാണ് വരിക. ആ രണ്ട് ദിവസങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണുണ്ടാകില്ല.
അതേസമയം, ആൾക്കൂട്ട നിരോധനം സംസ്ഥാനത്ത് തുടരും. വലിയ വിസ്തീർണമുള്ള ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക് മാത്രമേ പോകാനാകൂ. വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർ മാത്രമേ പാടുള്ളൂ.