മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മാന്യമായി പെരുമാറാം, എന്നാല്‍ മൃദുത്വം വേണ്ട, നിര്‍ദ്ദേശവുമായി ഡിജിപി

മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. എന്നാല്‍ ഇവരോട് മാന്യമായി പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കൂടാതെ സംസ്ഥാനത്ത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങള്‍ 25 ശതമാനത്തോളം കുറയ്ക്കാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2017 ല്‍ റോഡപകടങ്ങളും മരണനിരക്കും ഗുരുതര പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും വളരെ കുറവ് വന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന പാതകളില്‍ അപകടം വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍ പെടുന്നത്. മിനിബസുകളും കാറുകളും അപകടത്തില്‍പെടുന്നതും വര്‍ധിച്ചിട്ടുണ്ട്. അടുത്ത വര്‍ഷങ്ങളില്‍ ഇതിന് മാറ്റമുണ്ടാകണമെന്നും ഡിജിപി പറയുന്നു. ഇതിനായി ദേശീയ പാതകളിലും സംസ്ഥാന പാതകളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുവാന്‍ പദ്ധതിയുണ്ട്.

Read more

രാത്രികാല അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ പട്രോളിംഗ് ശക്തമാക്കാണമെന്നും അദ്ദേഹം പറഞ്ഞു. രാത്രികാലങ്ങളില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പാതയോരങ്ങളില്‍ കാപ്പി, കട്ടന്‍ചായ എന്നിവ നല്‍കുന്ന സന്നദ്ധ സംഘടനകളുടെ സേവനം തേടാനും പദ്ധതിയിട്ടുണ്ടെന്ന് അറിയിച്ചു. ഇരുചക്ര വാഹനങ്ങളുടെ അപകടം കുറയ്ക്കുന്നതിനായി കോളേജ്,സ്‌കൂള്‍ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.