ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെതിരെ സാമ്പത്തിക തട്ടിപ്പിനും വിശ്വാസ വഞ്ചനയ്ക്കും കേസ്. കുമ്മനം ഉൾപ്പെടെ 9 പേരെ പ്രതികളാക്കിയാണ് ആറന്മുള പൊലീസ് കേസെടുത്തിരിക്കുന്നത്. പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്‌സ് ബാനർ നിർമ്മിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്ന ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്.
കുമ്മനം രാജശേഖരന്റെ പിഎ പ്രവീൺ വി. പിള്ളയാണ് ഒന്നാം പ്രതി. കുമ്മനം നാലാം പ്രതിയാണ്. അതേസമയം കേസ് തീർപ്പാക്കാനും ശ്രമം തുടങ്ങി. ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയായ പരാതിക്കാരൻ പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന് പണം തിരികെ നൽകി കേസ് അവസാനിപ്പിക്കാനാണ് ശ്രമം. പരാതിക്കാരനു പണം തിരികെ നൽകാൻ ന്യൂ ഭാരത് ബയോ ടെക്നോളജീസ് ഉടമ വിജയൻ സന്നദ്ധത അറിയിച്ചതായാണ് വിവരം. പ്രശ്നപരിഹാരത്തിനു രാഷ്ട്രീയ സമ്മർദ്ദമുള്ളതായും വിവരമുണ്ട്.
2018- ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു വേളയിലാണ് ആദ്യ കൂടിക്കാഴ്ച നടന്നത്. മിസോറം ഗവർണറായിരുന്ന കുമ്മനം രാജശേഖരൻ ശബരിമലയിലെത്തിയപ്പോഴും ചർച്ച നടത്തി. കുമ്മനത്തിന്റെ പെഴ്സനൽ സെക്രട്ടറി പ്രവീണും പാർട്നർഷിപ് എടുക്കാൻ നിർബന്ധിച്ചു. കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലേക്കു 36 ലക്ഷം രൂപ കൈമാറി. പങ്കാളിത്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. 500 രൂപയുടെ പത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് സഹിതം നൽകി. പണം മടക്കി ചോദിച്ചപ്പോൾ പലപ്പോഴായി 4 ലക്ഷം കിട്ടി. ശേഷിച്ച പണം കിട്ടാതെ വന്നപ്പോഴാണു ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ.ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികൾ.
എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരൻ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായതിന്റെ അങ്കലാപ്പിലാണ് ബി ജെ പി നേതൃത്വം. അതിനാൽ തന്നെ കുമ്മനം നാലാം പ്രതിയായ കേസ് – നിയമ നടപടികളിലേക്കു കടക്കും മുമ്പ് പരിഹരിക്കാനാണ് ശ്രമം.
അതേസമയം പരാതിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനെ ദീർഘനാളായി അറിയാമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. കമ്പനി ആരംഭിക്കുന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നുവെങ്കിലും താൻ സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. പിഎ പ്രവീണിന് ഇക്കാര്യത്തിൽ ബന്ധമുണ്ടായിരുന്നോ എന്നറിയില്ല. തന്നെ രാഷ്ട്രീയമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. പരാതി ഉണ്ടായപ്പോൾ തന്നോടു പ്രാഥമികമായി അന്വേഷിക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും കുമ്മനം പറഞ്ഞു.