ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഓൺലൈനിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് എങ്ങനെ ഇരയാകാതെ ശ്രദ്ധിക്കാം, തട്ടിപ്പിനിരയായാൽ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കുന്ന കുറിപ്പ് കേരളാ പൊലീസ് അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.
നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പോസ്റ്റിലുണ്ട്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
പൊലീസിന്റെ ഈ മുന്നറിയിപ്പിന് പിന്നിൽ അടുത്തിടെ നടക്കുന്ന ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകളാണ്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ ഡോക്ടർക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 3.42 കോടി രൂപയാണ്. ഓഹരി കച്ചവടത്തിലൂടെ കോടികൾ ലാഭം കൊയ്യാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഒരു ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച് ടീമാണെന്നു പറഞ്ഞ് ഡോക്ടറുടെ വാട്സാപ്പിലേക്ക് സന്ദേശം അയച്ചുകൊണ്ട് തുടങ്ങിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. നാലു ദിവസം മുൻപ് തിരുവനന്തപുരം നഗരത്തിൽ സമാനമായ തട്ടിപ്പിൽ 4 പേർക്ക് 1.90 കോടിരൂപ നഷ്ടമായിരുന്നു.