തിരുവന്തപുരത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ രാത്രിയില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കാണപ്പെട്ട സംഭവത്തില്‍ സൈന്യം റിപ്പോര്‍ട്ട് തേടി. തുമ്പയും, പത്മനാഭസ്വാമി ക്ഷേത്രവും, പൊലീസ് ആസ്ഥാനത്തിന് മുകളിലൂടെയും ഡ്രോണ്‍ പറത്തിയിരുന്നു.
സൈന്യം അന്വേഷണം ആരംഭിച്ചതോടെ പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. “ഓപ്പറേഷന്‍ ഉഡാന്‍” എന്ന പേരിലാണ് നടപടി.
അന്വേഷണത്തിനായി വ്യോമസേന, ഐഎസ്ആര്‍ഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. പോലീസിന്റെ വിവിധ ഏജന്‍സികളും “ഓപ്പറേഷന്‍ ഉഡാന്റെ ഭാഗമാവും.
കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട ഡ്രോണ്‍ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡ്രോണ്‍ പറത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നേരത്തെ തന്നെ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്തിടെ നഗരത്തില്‍ ഡ്രോണ്‍ കാണപ്പെട്ടതായി പറയപ്പെടുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് പൊലീസ് അറിയിച്ചു.