പുതുവര്‍ഷ രാവില്‍ കേരള പൊലീസിന്റെ 'പ്രത്യേക ഓഫര്‍'; പൊലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനം, നിയമലംഘകര്‍ക്ക് പ്രത്യേക പരിഗണന

പുതുവര്‍ഷം പുലരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. നാടെങ്ങും ആഘോഷ രാവിന്റെ തിരക്കിലേക്ക് കടന്നിരിക്കുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങള്‍ എന്ത് തന്നെ ആയാലും അതിര് വിടാതെ കാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ്.

പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കേരള പൊലീസിന്റെ പ്രത്യേക ഓഫര്‍ എന്ന തലക്കെട്ടോടെ പങ്കുവച്ച പോസ്റ്റാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിക്കുകയോ ക്രമസമാധാനം ലംഘിക്കുകയോ ചെയ്താലാണ് കേരള പൊലീസിന്റെ പ്രത്യേക ഓഫറിന് അര്‍ഹത നേടാനാകുക. പൊലീസ് സ്റ്റേഷനില്‍ സൗജന്യ പ്രവേശനവും നിയമലംഘകര്‍ക്ക് പ്രത്യേക പരിഗണനയുമാണ് ഓഫറിന് അര്‍ഹരാകുന്നവരെ കാത്തിരിക്കുന്നത്.

Read more

ഇതിന് പുറമേ നിങ്ങളുടെ പുതുവര്‍ഷ ആഘോഷത്തില്‍ ഏതെങ്കിലും ക്ഷണിക്കപ്പെടാത്ത അതിഥി വന്നാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് തങ്ങളെ ക്ഷണിക്കാമെന്നും കേരള പൊലീസ് പോസ്റ്റിലൂടെ അറിയിക്കുന്നു. പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് കേരള പൊലീസ് ഒരുക്കിയിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലും തിരുവന്തപുരത്തും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.