കേരളത്തിലെ ലഹരി മാഫിയയെ പൂട്ടികെട്ടുമെന്ന് പൊലീസ്. ലഹരി കേസുകളില്‍ പ്രതികളാകുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുകയും സ്വത്തുകണ്ടുകെട്ടുകയും ചെയ്യും. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന ഡിജെ പാര്‍ട്ടികളില്‍ നിരീക്ഷണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലഹരിക്കടത്ത് അറുതിയില്ലാതെ തുടരുന്നതോടെയാണ് കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കുന്നത്. ആദ്യഘട്ടത്തില്‍ 161 പേരെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തും കണ്ടുകെട്ടാനുമുള്ള നടപടിക്ക് അനുമതി തേടി പട്ടിക ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയെന്നും അദേഹം വ്യക്തമാക്കി. കൊച്ചിയിലെ കൂട്ടബലാല്‍സംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിജെ പാര്‍ട്ടികള്‍ സ്ഥിരമായി നടത്തുന്നവരെയും പങ്കെടുക്കുന്നവരെയും നിരീക്ഷിക്കാനും പൊലീസ് നിര്‍ദേശം നല്‍കി.
അതേസമയം, കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് ഇടപാടുകള്‍ക്കും ലഹരി പാര്‍ട്ടികള്‍ക്കും തടയിടാന്‍ അന്വേഷണ ഏജന്‍സികളുടെ സംയുക്ത നീക്കം. സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കി. പുതുവത്സരത്തിനു മുന്നോടിയായി പരിശോധന കര്‍ശനമാക്കി ലഹരിയുടെ ഒഴുക്ക് തടയാന്‍ നടപടി തുടങ്ങി.
എംഡിഎംഎ, എല്‍എസ്ഡി ഉള്‍പ്പെടെ സിന്തറ്റിക് ലഹരിയുടെ പ്രധാന ഹബായി മാറിയ കൊച്ചിയില്‍ ഒന്നിച്ചുനിന്നു പോരാടാനാണ് അന്വേഷണ ഏജന്‍സികളുടെ തീരുമാനം. സംസ്ഥാനത്തെ എക്‌സൈസ്, പൊലീസ് സേനകള്‍ക്കൊപ്പം കസ്റ്റംസ്, നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളാണ് കൈകോര്‍ക്കുന്നത്.